കോൺഗ്രസ് ഒരു കുടുംബത്തിനായി പ്രവർത്തിക്കുകയാണെന്ന അനിൽ ആന്റണിയുടെ വിമർശനങ്ങൾക്കും ആന്റണി മറുപടി നൽകി. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി വേട്ടയാടലുകൾക്കിടയിലും നിർഭയമായി വിട്ടുവീഴ്ചയില്ലാതെ പോരാടുന്നവരാണ് ആ കുടുംബാം. ആ കുടുംബത്തോടായിരിക്കും എപ്പോഴും തന്റെ കൂറെന്നും ആന്റണി അടിവരയിട്ടു പറഞ്ഞു. കെപിസിസി ആസ്ഥാനത്താണ് എ.കെ.ആന്റണി മാധ്യമങ്ങളോട് സംസാരിച്ചത്. മകന്റെ ബിജെപി പ്രവേശനത്തിൽ നിലപാട് വിശദീകരിച്ച ആന്റണി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെ മടങ്ങുകയും ചെയ്തു.
ആന്റണിയുടെ വാക്കുകൾ...
ബിജെപിയിൽ ചേരാനുള്ള അനിലിന്റെ തീരുമാനം എനിക്ക് വളരെ വേദനയുണ്ടാക്കി. തികച്ചും തെറ്റായ ഒരു തീരുമാനമായി എന്നാണ് പറയാനുള്ളത്. ഇന്ത്യാ രാജ്യത്തിന്റെ ഐക്യവും അതിന്റെ ആണിക്കല്ലും ബഹുസ്വരതയും മതേതരത്വവുമാണ്. 2014- മോദി സർക്കാർ അധികാരമേറ്റതിന് ശേഷം ആസൂത്രിതമായി രാജ്യം പ്രാണവായുപോലെ കാത്തുസൂക്ഷിച്ച നമ്മുടെ അടിസ്ഥാന നയങ്ങളെ ദുർബലപ്പെടുത്താനള്ള തുടർച്ചയായ ശ്രമങ്ങളാണ് നടത്തുന്നത്. 2019-ന് ശേഷം നാനാതത്വത്തിൽ ഏകത്വം എന്നതിന് പകരം ഏകത്വത്തിലേക്കാണ് പോയികൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ഐക്യം ദുർബലമായി. മത-സാമുദായിക സൗഹാർദം തർന്നുകൊണ്ടിരിക്കുന്നു. എന്നെ സംബന്ധിച്ച് അവസാന ശ്വാസം വരെ ബിജെപിയുടേയും ആർഎസ്എസിന്റേയും വിനാശകരമായ നയങ്ങൾക്കെതിരെ ശബ്ദം ഉയർത്തും. അക്കാര്യത്തിൽ ഒരു സംശയവുംവേണ്ട.
എല്ലാ ഇന്ത്യക്കാരേയും വേർതിരിവില്ലാതെ കണ്ട ഒരു കുടുംബമാണ് നെഹ്റുകുടുംബം. ഇന്നും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി വേട്ടയാടലുകൾക്കിടയിലും നിർഭയമായി വിട്ടുവീഴ്ചയില്ലാതെ പോരാടുന്നവരാണ് ആ കുടുംബാംഗങ്ങൾ. ഒരു ഘട്ടത്തിൽ ഇന്ദിരാഗാന്ധിയുമായി ഞാൻ അകന്നുപോയി. വീണ്ടും അവരോട് യോജിച്ചതിന് ശേഷം ആ കുടുംബവുമായി മുമ്പില്ലാത്ത വിധത്തിൽ അടുപ്പമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്റെ കൂറ് എല്ലാ കാലത്തും ആ കുടുംബത്തോടൊപ്പമായിരിക്കും.
എന്റെ ജീവിതത്തിന്റെ അവസാന നാളുകളിലൂടെയാണ് കടന്നുപോയികൊണ്ടിരിക്കുന്നത്. എനിക്ക് വയസ് 82 ആയി. എത്രനാൾ ഇനി ജീവിക്കും എന്നതറിയില്ല. ദീർഘായുസ്സിൽ എനിക്ക് താത്പര്യവുമില്ല. എത്രനാൾ ജീവിച്ചാലും മരിക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകൻ ആയിട്ടായിരിക്കും.ഇനി അനിലുമായി ബന്ധപ്പെട്ട ഒരു ചർച്ചയ്ക്കും ചോദ്യത്തോരങ്ങൾക്കും ഒരിക്കൽ പോലും ഞാൻ തയ്യാറാകില്ല. ഇത് സംബന്ധിച്ച് എന്റെ ആദ്യത്തേയും അവസാനത്തേയും പ്രതികരണമാണ്.
0 Comments