banner

അൽഫാമും ഷവായിയും വില്ലനായി; കൊല്ലം നെടുമൺകാവിൽ ഭക്ഷ്യ വിഷബാധ; 29 പേർ ചികിത്സയിൽ!

കൊല്ലം : എഴുകോൺ നെടുമൺകാവിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 29 പേർ ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സ തേടി. ഹോട്ടലിൽ നിന്ന് അൽഫാമും ഷവായിയും കഴിച്ചവരാണ് ചികിത്സ തേടിയത്. ഇവരിൽ 11 പേരെ തുടർ ചികിത്സയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഭക്ഷണം കഴിച്ചവർക്കാണ് ഛർദ്ദിയും വയറിളക്കവും ഉണ്ടായത്. വെള്ളിയാഴ്ച രാത്രിയോടെ 9 പേർ നെടുമൺകാവ് സാമൂഹികാരോഗ്യ കേന്ദ്രത്തിലും മറ്റു ചില ആശുപത്രികളിലും ചികിത്സ തേടിയെത്തി. പിന്നാലെ സമാന ലക്ഷണങ്ങളോടെ മീയണ്ണൂരിലെയും പെരുമ്പുഴയിലെയും സ്വകാര്യ ആശുപത്രികളിലും ചിലരെത്തി. 

വിഷബാധയേറ്റവർ നെടുമൺകാവിലെ ബ്ലൂബെറി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരാണെന്ന് വ്യക്തമായതോടെയാണ് ഭക്ഷ്യ വിഷബാധ സ്ഥിരീകരിച്ചത്.
ഇളവൂർ ശ്യാം നിവാസിൽ ശ്യാം (34), ഗോകുലത്തിൽ ഗോപകുമാർ ( 45 ), കല (39), ഗോകുൽ (22), പള്ളിമൺ പ്ലാവിള വീട്ടിൽ നിതിൻ, വിപിന, എഡ്വിൻ (രണ്ടര), ആദ്യ (4), ഉളകോട് പള്ളിക്കോട് ചരുവിളയിൽ സുധി (24), കുടിക്കോട് ശിവദീപത്തിൽ ജെസിൻ ( 40 ), അശ്വതി (32), ദിയ ( 18), ദക്ഷ് (6), വാക്കനാട് ആരാമത്തിൽ അഖിൽ, കൊട്ടറ ആലുവിളയിൽ ഉദയകുമാർ ( 38 ), തെക്കടത്ത് വീട്ടിൽ എൽ. ശ്രീജ, നെടുമൺ കാവ് ആര്യഭവനിൽ രജനി(49), ആര്യ (27), മടന്തകോട് പുതുവീട്ടിൽ ഇന്ദിര(58), ജിഷ്ണു (26), വെളിയം എസ്.കെ. ഭവനിൽ ദിവ്യ പ്രിയ (28), ചിറയിൽ വീട്ടിൽ വിഘ്നേഷ് (11), ഋഷി സാജ് (20), എസ്.പവൻ(17), അർജുൻ കൃഷ്ണ ( 4 ), കൊട്ടറ തെക്കടത്ത് വീട്ടിൽ രത്നമ്മ(70),ബിജു (47),ശിൽപ്പ (14) എന്നിവരാണ് വിവിധ ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിലും ഒ.പിയിലുമായി ചികിത്സ തേടിയത്.

ഭക്ഷ്യ സുരക്ഷാ വിഭാഗവും ആരോഗ്യ വിഭാഗവും ഹോട്ടലിൽ പരിശോധന നടത്തി. ഹോട്ടലിന്റെ പ്രവർത്തനം നിറുത്തിവയ്പ്പിച്ചു. ഭക്ഷ്യ സുരക്ഷാ ഓഫീസർമാരായ എ.എസ്.അഞ്ജു, ചിത്ര മുരളി എന്നിവർ വെള്ളിയാഴ്ച രാത്രിയിൽ തന്നെ സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിരുന്നു. നെടുമൺകാവിലെ ഹോട്ടലിലേക്ക് കോഴിയിറച്ചി നൽകിയ കുളത്തൂപ്പുഴയിലെ സ്ഥാപനത്തിലും പരിശോധന നടത്തി.

Post a Comment

0 Comments