banner

മാമോദീസ ചടങ്ങിനിടെ വാക്കുതർക്കം; യുവാവിനെ കുത്തിക്കൊന്നു



എറണാകുളം : മാമോദീസ ചടങ്ങിനിടെയുണ്ടായ തർക്കത്തിന് പിന്നാലെ യുവാവ് കുത്തേറ്റ് മരിച്ചു. പള്ളുരുത്തി സ്വദേശി അനിൽകുമാർ ആണ് മരിച്ചത്. സംഭവത്തിൽ പ്രതി ജിതിനെ പോലീസ് അറസ്റ്റ് ചെയ്തു.

അനിൽകുമാർ പങ്കെടുത്ത മാമോദീസ ചടങ്ങ് നടത്തിയ കുട്ടിയുടെ അമ്മയുടെ സഹോദരനാണ് ജിതിൻ. ചടങ്ങിനിയെ അനിൽ കുമാറും ജിതിനും തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നു. ഇത് ഇരു വിഭാഗം തമ്മിലുള്ള ചേരിതിരിഞ്ഞുള്ള ആക്രമണത്തിലേക്കും വഴിമാറിയിരുന്നു. പിന്നീട് മറ്റ് ചിലർ ചേർന്ന് ഇരുവിഭാഗത്തെയും പിരിച്ചുവിടുകയായിരുന്നു.

ഇതിന് ശേഷം പഞ്ചായത്ത് ഓഫീസിന് മുൻപിൽവച്ച് വീണ്ടും അനിൽ കുമാറും ജിതിനും തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടെ ജിതിൻ കയ്യിൽ കരുതിയ കത്തി എടുത്ത് അനിൽ കുമാറിനെ കുത്തുകയായിരുന്നു. കുത്തേറ്റ് അനിൽ കുമാറിന്റെ കാലിലെ ഞരമ്പ് മുറിഞ്ഞു. ആശുപത്രിയിലേക്ക് എത്തിയപ്പോഴേക്കും അനിൽ കുമാർ രക്തം വാർന്ന് അവശനായിരുന്നു. ആശുപത്രിയിൽ ചികിത്സയ്ക്കിടെയായിരുന്നു അനിൽകുമാർ മരിച്ചത്.

സംഭവത്തിൽ പള്ളുരുത്തി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. നിലവിൽ ജിതിൻ പോലീസ് കസ്റ്റഡിയിലാണ്. അനിൽ കുമാറിനെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലനിൽക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

Post a Comment

0 Comments