banner

അതിഖ് അഹമ്മദ് വധം: ദൃശ്യങ്ങൾ ഞങ്ങൾ കണ്ടതാണ്, എന്തുകൊണ്ടാണ് ആംബുലൻസിൽ കയറ്റാതെ അവരെ ആശുപത്രിയിലെത്തിച്ചത്; യുപി സർക്കാരിനോട് സുപ്രീം കോടതി



ന്യൂഡല്‍ഹി : ഗുണ്ടാ നേതാവും മുന്‍ എംപിയുമായ അതിഖ് അഹമ്മദിനേയും സഹോദരന്‍ അഷ്‌റഫിനേയും എന്തുകൊണ്ടാണ് ആംബുലൻസിൽ കയറ്റാതെ ആശുപത്രിയിലെത്തിച്ചതെന്ന് യുപി സർക്കാരിനോട് സുപ്രീം കോടതി. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ഗുണ്ടാ നേതാവും മുന്‍ എംപിയുമായ അതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടത്. സംഭവത്തിൽ യുപി സർക്കാരിനോട് വിശദ റിപ്പോര്‍ട്ട് സമർപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു.

കൂടാതെ യുപി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഏപ്രില്‍ 13ന് ഝാന്‍സിയില്‍ വെച്ച് അതിഖ് അഹമ്മദിന്റെ മകന്‍ അസദ് കൊല്ലപ്പെട്ട സംഭവത്തിലും റിപ്പോര്‍ട്ട് സമ‍ർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകങ്ങളെക്കുറിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമ‍പ്പിക്കാനാണ് കോടതിയുടെ നിർദേശം. അതീഖ് വധവും സംസ്ഥാനത്ത് നടന്ന സമാന കൊലപാതകങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാൽ തിവാരി നൽകിയ ഹരജി പരിഗണിക്കവെയാണ് യുപി പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയെ കോടതി വിമർശിച്ചത്. 'അവർ എങ്ങനെ അറിഞ്ഞു? ഞങ്ങൾ അത് ടിവിയിൽ കണ്ടതാണ്. എന്തുകൊണ്ടാണ് ആതിഖ് അഹമ്മദിനെയും സഹോദരനെയും ആംബുലൻസിൽ കയറ്റാതെ ആശുപത്രിയിലെത്തിച്ചത്? എന്തിനാണ് അവരുമായി പരേഡ് നടത്തിയത്', സുപ്രിംകോടതി ചോദിച്ചു.
കോടതിയുടെ ഉത്തരവനുസരിച്ച് രണ്ട് ദിവസം കൂടുമ്പോൾ അതിഖ് അഹമ്മദിനേയും സഹോദരനേയും വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകണം. ഇത് മാധ്യമങ്ങൾക്ക് അറിയാമായിരുന്നുവെന്നും വിഷയം പരിശോധിക്കാൻ ഒരു കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും യുപി സർക്കാ‍ർ കോടതിയെ അറിയിച്ചു. സംഭവത്തിൽ പ്രതികളെ പിടികൂടി. പ്രാധാന്യം നേടാനാണ് കുറ്റകൃത്യം ചെയ്തതെന്നാണ് പ്രതികൾ മൊഴി നൽകിയത്. കൊലപാതകങ്ങൾ എല്ലാവരും ടെലിവിഷനിൽ കണ്ടു. ന്യൂസ് ഫോട്ടോഗ്രാഫർമാരുടെ വേഷത്തിലാണ് കൊലയാളികൾ വന്നത്. അവർക്ക് പാസ്സ് ഉണ്ടായിരുന്നു, ക്യാമറകൾ കൈവശം വച്ചിരുന്നു. കൂടാതെ തിരിച്ചറിയൽ കാർഡുകൾ പോലും കൈവശം വച്ചിരുന്നു. അത് വ്യാജമാണെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു. അവിടെ 50 ൽ അതിലധികം ആളുകൾ ഉണ്ടായിരുന്നു. അങ്ങനെയാണ് അവർക്ക് കൊല്ലാൻ കഴിഞ്ഞതെന്ന് സ‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോത്തഗി പറഞ്ഞു.
ഏപ്രിൽ 15ന് പതിവ് പരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് പൊലീസ് അകമ്പടിയോടെ കൊണ്ടുപോകുന്നതിനിടെയാണ് അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും മൂന്ന് അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയത്. മാധ്യമപ്രവർത്തകരെന്ന് നടിച്ച അക്രമികൾ സഹോദരങ്ങളെ ഒന്നിലധികം തവണ വെടിവച്ച ശേഷം കീഴടങ്ങുകയായിരുന്നു.

Post a Comment

0 Comments