സാൻഫ്രാൻസിസ്കോ : മാർഷൽ ആർട്‌സിന്റെ ത്രസിപ്പിക്കുന്ന ആക്ഷനുകളിലൂടെ ആരാധകരെ വിസ്മയിപ്പിച്ച അവിസ്മരണീയ നടൻ ബ്രൂസ് ലീയുടെ മകൻ ബ്രണ്ടൻ ലീയുടെ ഓർമ്മകൾക്ക് 30 വയസ്. 1993 മാർച്ച് 31ന് ആക്ഷൻ ഫാന്റസി ചിത്രമായ ' ദ ക്രോയുടെ " സെറ്റിൽ വച്ച് അബദ്ധത്തിൽ വെടിയേറ്റാണ് 28 വയസ് മാത്രമുണ്ടായിരുന്ന ബ്രണ്ടൻ മരിച്ചത്.
നിശബ്ദമായി കടന്നുപോയ ബ്രണ്ടന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഓർമ്മകൾ സഹോദരി ഷാനൻ ലീ ട്വിറ്ററിലൂടെ പങ്കുവച്ചു. ബ്രണ്ടൻ വിടപറഞ്ഞിട്ട് 30 വർഷമായെന്ന് തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്ന് ഷാനൻ പറയുന്നു. അതേ സമയം, ബ്രണ്ടന്റെ മരണം പിതാവ് ബ്രൂസ് ലീയുടേത് പോലെ ആരാധകർക്കിടെയിൽ ഇന്നും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.
ക്രോയുടെ അവസാനമായി ബാക്കിയുള്ള ഏതാനും സീനുകളിൽ ഒന്നിന്റെ ചിത്രീകരണത്തിനിടെയാണ് ബ്രണ്ടന് വെടിയേറ്റത്. ബ്രണ്ടൻ ലീ വെടിയേറ്റ് വീഴുന്ന രംഗം ഷൂട്ട് ചെയ്യാൻ റബ്ബർ ബുള്ളറ്റോട് കൂടിയ ഒരു ഡമ്മി തോക്ക് തയാറാക്കിയിരുന്നു. വില്ലൻ വെടിവച്ചപ്പോൾ ബ്രണ്ടൻ നിലത്ത് വീണു. ഡയറക്ടർ കട്ട് പറഞ്ഞിട്ടും ബ്രണ്ടൻ ചലനമറ്റ് കിടന്നു. ബ്രണ്ടന് ശരിക്കും വെടിയേറ്റെന്നും യഥാർത്ഥ തോക്ക് എങ്ങനെയോ ഡമ്മിയ്ക്കിടയിൽ കയറിക്കൂടിയെന്നും അപ്പോഴാണ് സെറ്റിലുള്ളവർ മനസിലാക്കിയത്.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ബ്രണ്ടൻ മരണത്തിന് കീഴടങ്ങി. സംഭവത്തിൽ അന്വേഷണം നടന്നെങ്കിലും പ്രൊഡക്ഷൻ കമ്പനിക്കെതിരെ കുറ്റംചുമത്താൻ ബന്ധപ്പെട്ട ഡിസ്ട്രിക്ട് അറ്റോർണി തയാറായില്ല. അശ്രദ്ധ വരുത്തിവച്ച യാദൃശ്ചികമായ അപകടമായി ബ്രണ്ടൻ ലീയുടെ മരണത്തെ വിധിയെഴുതി. എന്നാലിത് കൊലപാതകമാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
1973 ജൂലായ് 20ന് 32ാം വയസിലാണ് ബ്രണ്ടന്റെ പിതാവ് ബ്രൂസ് ലീ വിടപറഞ്ഞത്. ഹോങ്കോങ്ങിൽ നടി ബെറ്റി ടിംഗ് പെയുടെ വസതിയിൽ സിനിമാ ചർച്ചയ്ക്കെത്തിയ ബ്രൂസ് ലീയ്ക്ക് കഠിനമായ തലവേദന അനുഭവപ്പെട്ടു. ബെറ്റി നൽകിയ വേദനസംഹാരി കഴിച്ച് മയങ്ങിപ്പോയ ബ്രൂസ് ലീ പിന്നീട് എഴുന്നേറ്റില്ല.
അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. വേദന സംഹാരിയിലെ രാസവസ്തുക്കൾ ലീയുടെ ശരീരത്തിലുണ്ടാക്കിയ പ്രതിപ്രവർത്തനം മുതൽ രക്തത്തിലെ സോഡിയത്തിന്റെ അംശം കുറയുന്ന ' ഹൈപ്പോനട്രീമിയ" വരെ ബ്രൂസ് ലീയുടെ മരണകാരണമായി പറയപ്പെടുന്നുണ്ട്.
0 Comments