banner

കൊല്ലത്ത് ആര്യങ്കാവിൽ പശുക്കളെ കടുവ കടിച്ചുകൊന്നു; ജനൽ തുറന്നപ്പോൾ കണ്ട കാഴ്ച കടുവ കടിച്ച് വലിക്കുന്നത്; മലയോര മേഖലയിൽ ആശങ്ക!

കൊല്ലം : ആര്യങ്കാവ് എട്ടേക്കറിൽ പത്മവിലാസത്തിൽ തങ്കയ്യയുടെ പശുക്കളെ കടുവ കടിച്ചുകൊന്നു. കഴിഞ്ഞ രാത്രി 11.45 ഓടെയായിരുന്നു സംഭവം. പശുക്കളുടെ കരച്ചിൽ കേട്ട് ജനാല തുറന്ന് നോക്കുമ്പോൾ കടുവ കടിച്ച് വലിക്കുന്നതാണ് കണ്ടത്.

നാല് പശുക്കളിൽ ഒരെണ്ണത്തെ കടിച്ച് കൊല്ലുകയും മറ്റൊരെണ്ണത്തെ കടിച്ചുവലിച്ച് കാട്ടിലേക്ക് കൊണ്ടുപോവുകയും രണ്ടെണ്ണത്തെ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. വീട്ടുകാരും സമീപവാസികളും ചേർന്ന് പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും ശബ്ദമുണ്ടാക്കിയെങ്കിലും തൊഴുത്തിൽ നിന്ന് അര മണിക്കൂർ കഴിഞ്ഞാണ് കടുവ വനത്തിലേക്ക് കയറിയത്.

പിന്നീട് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. നിരീക്ഷണ കാമറകൾ സ്ഥാപിച്ച് പുലിയാണോ, കടുവയാണോ ഇറങ്ങിയതെന്ന് സ്ഥിരീകരിക്കുമെന്ന് വനപാലകർ നാട്ടുകാർക്ക് ഉറപ്പ് നൽകി.

ആറുമാസം മുമ്പും കൂലിപ്പണിക്കാരനായ തങ്കയ്യയുടെ പശുവിനെ കടുവ ആക്രമിച്ചിരുന്നു. കടുവ ശല്യം വർദ്ധിച്ചതോടെ സന്ധ്യകഴിഞ്ഞാൽ പ്രദേശത്താരും പുറത്തിറങ്ങാറില്ല. വേനൽ കാലത്ത് വെള്ളവും ഭക്ഷണവും തേടി വന്യമൃഗങ്ങൾ കാടിറങ്ങുന്നത് മലയോര മേഖലയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.

إرسال تعليق

0 تعليقات