കാളികാവ് പാറശ്ശേരിയിലെ ആദിവാസി വിഭാഗത്തിൽപെട്ട വെള്ളന്റെ രണ്ടാമത്തെ മകൾ മിനി (24) ആണ് പ്രസവത്തിലെ അമിത രക്തസ്രാവത്തെത്തുടർന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. മൃതദേഹം പൊതുശ്മശാനത്തിൽ അടക്കം ചെയ്യാമെന്ന് എല്ലാവരും പറഞ്ഞെങ്കിലും വെള്ളൻ അതു സമ്മതിച്ചില്ല. തന്റെ മകൾ തനിക്കു കാണും വിധം ആ ഭൂമിയിൽ തന്നെ ഉറങ്ങണമെന്ന് ആ പിതാവ് വാശി പിടിച്ചു.
അങ്ങിനെ വീടിനോടു ചേർന്നുള്ള തുണ്ടുമണ്ണിലെ, അടുക്കളയെന്നു വിളിക്കുന്ന ഷെഡിൽ വെള്ളന്റെ നിർബന്ധത്തിനു വഴങ്ങി ബന്ധുക്കളും നാട്ടുകാരും ചേർന്ന് കുഴിയെടുത്ത് മിനിയെ അടക്കം ചെയ്തു. മിനിക്കു പിറന്ന കുഞ്ഞ് ഇപ്പോൾ ഭർത്താവ് നിതീഷിന്റെ സംരക്ഷണയിലാണ്. ഇവരുടെ ആദ്യത്തെ കുഞ്ഞാണിത്.
അസുഖം മൂലം കിടപ്പിലായിരുന്ന വെള്ളനെ 20 വർഷം മുൻപാണ് മാഞ്ചോല മലയിൽനിന്നു നാട്ടുകാർ അടയ്ക്കാക്കുണ്ടിലെ വാടക വീട്ടിലെത്തിച്ചത്. സൗകര്യപ്രദമായ സ്ഥലം കിട്ടാതെ വന്നപ്പോൾ പഞ്ചായത്ത് ഇടപെട്ട് പാറപ്പുറത്തെ 3 സെന്റിൽ വെള്ളന് വീട് നിർമ്മിച്ചുനൽകി. ഇവിടെ മണ്ണുള്ളത് അടുപ്പുകൂട്ടുന്ന ചായ്‌പ്പിൽ മാത്രമാണ്.
ശുദ്ധജലക്ഷാമം നേരിടുന്ന ഈ കുടുംബത്തിന് മലയിൽനിന്നു പൈപ്പുകൾ വഴിയാണ് വെള്ളമെത്തിക്കുന്നത്. ഭാര്യ നീലിയും രണ്ട് പെൺമക്കളും ഒരു മകനും അടങ്ങുന്ന കുടുംബമാണ് വെള്ളന്റേത്. നീലിയും എൺപത്തഞ്ചുകാരനായ വെള്ളനും വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ്. മൂത്ത മകൾ ബിന്ദുവും മകൻ വിനോദുമാണ് കുടുംബത്തിന്റെ ആശ്രയം.
0 تعليقات