Latest Posts

ചെവിയുടെ പിൻഭാഗത്തും നെഞ്ചിലും ആഴത്തിൽ മുറിവ്; കൊലയ്ക്കായി തോക്ക് എത്തിച്ചത് ഡൽഹിയിൽ നിന്ന്; യുവാവിനെ വെടിവച്ചു കൊന്ന സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ



എടവണ്ണ ചെമ്പക്കുത്ത് അറയിലകത്ത് റിദാൻ ബാസിലിനെ (24) വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് അറസ്റ്റിൽ. മുണ്ടേങ്ങര സ്വദേശിയായ ഷാൻ മുഹമ്മദാണ് അറസ്റ്റിലായത്. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്ന് ഷാൻ പൊലീസിനു മൊഴി നൽകി. ഡൽഹിയിൽനിന്നു കൊണ്ടുവന്ന തോക്ക് ഉപയോഗിച്ചാണ് റിദാൻ ബാസിലിനെ വെടിവച്ചതെന്നും ഷാൻ പൊലീസിനോടു പറഞ്ഞു. ഷാനിന്റെ മുണ്ടേങ്ങരയിലെ വീട്ടിൽനിന്ന് തോക്ക് കണ്ടെടുത്തു.

ബാസിലിനെ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയ ഷാൻ മുഹമ്മദിനെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ മാസം 21ന് രാത്രി 9ന് ആണ് ബാസിൽ യുവാവിനൊപ്പം പോയത്. തുടർന്ന് ചെമ്പക്കുത്ത് പുളിക്കുന്ന് മലയിൽ ബാസിൽ ഒറ്റയ്ക്കാണെന്നും ശ്രദ്ധിക്കണമെന്നും വീട്ടുകാരെ ഫോൺ ചെയ്ത് അറിയിച്ചു. നേരം പുലർന്നിട്ടും ബാസിൽ തിരിച്ചെത്താതിരുന്നതിനെത്തുടർന്ന് അനുജനും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ചെവിയുടെ പിൻഭാഗത്തും നെഞ്ചിലും ആഴത്തിൽ മുറിവുണ്ടായിരുന്നു.

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വെടിയേറ്റതിനെത്തുടർന്നാണ് മരണമെന്ന് സ്ഥിരീകരിച്ചു. ലഹരി മരുന്നുകേസിൽ പിടിയിലായ ബാസിൽ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പിമാരായ സാജു കെ.ഏബ്രഹാം, കെ.എം. ബിജു എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

0 Comments

Headline