കൊല്ലം : ജില്ലയിലെ പ്രധാന ജംങ്ഷനുകളിലൊന്നായ കൊട്ടിയത്തെ എർത്ത് വാൾ ഫ്ലൈഓവർ നിർമ്മാണത്തിനെതിരെ പ്രദേശവാസികൾ. എർത്ത് വാൾ ഫ്ലൈഓവർ കൊട്ടിയത്തെ ജനജീവിതത്തെ സാരമായി ബാധിക്കുമെന്നും ഇവിടെ എലിവേറ്റഡ് ഫ്ലൈ ഓവർ സ്ഥാപിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. അതേ സമയം ദേശീയപാത 66 ആറുവരി വികസനത്തിന്റെ ഭാഗമായി വൻമതിൽ രൂപത്തിലുള്ള റീ എൻഫോഴ്സ്മെന്റ് എർത്ത് വാൾ ഫ്ലൈഓവർ ആണ് കൊട്ടിയം ജംങ്ഷനിൽ നിർമ്മിക്കുന്നത്.
ആറുവരി പാതയുടെ ഔട്ട്ലൈനിൽ കൊട്ടിയം ജംഗ്ഷന്റെ പ്രധാനഭാഗത്തായി മൂന്ന് സ്പാനുള്ള അടിപ്പാതയാണുള്ളത്. 82 മീറ്ററിൽ താഴെ മാത്രമാകും ഇതിൻ്റെ നീളം. ഈ അടിപ്പാതയ്ക്ക് മുകളിലേക്കുള്ള അപ്രോച്ച് റോഡായി ഇരുവശങ്ങളിലുമായി ഏകദേശം 900 മീറ്റർ നീളത്തിൽ റീ എൻഫോഴ്സ്മെന്റ് വാളുകളാണ്. ഈ നിർമ്മിതി വരുന്നതോടെ കൊട്ടിയം ജംഗ്ഷന്റെ ഒരു ഭാഗത്തുള്ളവർക്ക് പ്രധാന വഴികളിലൂടെയല്ലാതെ മറുഭാഗം കാണാൻ കഴിയാത്ത അവസ്ഥയാകുമെന്നും തൊട്ടടുത്ത വ്യാപാര സ്ഥാപനങ്ങളിലെത്താൻ ചുറ്റിക്കറങ്ങേണ്ടി വരുമെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
കാര്യം ചെറുതല്ല, പക്ഷെ പ്രശ്നം അതിഗുരുതരം...
ജില്ലയിലെ ഏറ്റവും തിരക്കേറിയ ജംങ്ഷനുകളിലൊന്നായ കൊട്ടിയത്ത് ഒരേ സമയം ഒന്നിലധികം ബസുകളാണ് വഴിയരികിൽ യാത്രക്കാരെ കയറ്റുന്നതിനായി നിർത്തേണ്ടി വരുക. ദേശീയ പാതയ്ക്കരികിൽ സർവ്വീസ് റോഡുകളും നിശ്ചിതയിടങ്ങളിൽ ബസ് സ്റ്റോപ്പുകളും ഉണ്ടെങ്കിലും പാത ആറുവരിയാകുന്നതോടെ ബസുകൾ നിർത്തേണ്ടുന്ന സ്ഥലം ഇല്ലാതാകും, സ്റ്റോപ്പുകളിൽ നിർത്തുന്നതിനായി ബസുകൾ സർവ്വീസ് റോഡുകളിൽ തന്നെ നിർത്തേണ്ടുന്ന സ്ഥിതിയാകും ഇങ്ങനെ വന്നാൽ ഈ ഭാഗങ്ങളിൽ ഗതാഗതം നിശ്ചലമാകും.
ഓട്ടോ - ടാക്സി സ്റ്റാൻഡുകൾക്കും പാർക്കിംഗ് കേന്ദ്രങ്ങൾക്കുമായി അധിക സ്ഥലം ഏറ്റെടുത്തിട്ടില്ലാത്തതിനാൽ ജംഗ്ഷനിലെ തൊട്ടടുത്ത സ്ഥാപനങ്ങളിൽ വരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനും ഇടമുണ്ടാകില്ല. എലിവേറ്റഡ് ഫ്ലൈ ഓവർ ആണ് നിർമ്മിക്കുന്നതെങ്കിൽ അതിനടിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുകയും. കുണ്ടറ, മയ്യനാട്, ഹോളിക്രോസ് റോഡുകളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് പ്രയാസരഹിതമായി റോഡ് മുറിച്ച് കടക്കുകയും ചെയ്യാം.
സൂചന കണ്ട് പഠിച്ചില്ലെങ്കിൽ...
കൊട്ടിയത്തെ രണ്ടായി തിരിക്കുന്നതരത്തിലുള്ള എർത്ത് വാൾ ഫ്ലൈഓവർ നിർമ്മാണത്തിനെതിരെ മാർച്ച് 30-ന് കൊട്ടിയത്ത് സമരപ്രഖ്യാപന സമ്മേളനവും റാലിയും നടത്തി. ആക്ഷൻ കൗൺസിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സംഗമം.
0 Comments