അഞ്ചാലുംമൂട് : തൃക്കരുവയിലെ കുടിവെള്ള പ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തിൽ അനാസ്ഥ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. തൃക്കരുവ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ അജ്മീൻ എം. കരുവയാണ് അസിസ്റ്റൻ്റ് എഞ്ചിനീയർ, അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ തുടങ്ങിയവർക്കെതിരെ പരാതി സമർപ്പിച്ചത്.
ഇഞ്ചവിള സർക്കാർ വൃദ്ധസദനത്തിന് സമീപമുള്ള കുഴൽ കിണർ കേടായതിനാലാണ് കുടിവെള്ള വിതരണം താറുമാറാവുന്ന വിധത്തിലേക്ക് സ്ഥിതി എത്തിയത്. തുടർന്ന് ഈ പ്രശ്ന പരിഹാരത്തിനായി അസിസ്റ്റൻ്റ് എഞ്ചിനീയർ, അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ തുടങ്ങിയവരെ സമീപിച്ചെങ്കിലും മോശമായ മറുപടിയാണ് ലഭിക്കുന്നതെന്നും ക്യത്യമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പരാതിയിൽ വ്യക്തമാക്കുന്നു.
അതേ സമയം, തൃക്കരുവയിലെ രണ്ടായിരത്തോളം വരുന്ന കുടുംബങ്ങൾ കുടിവെള്ളമില്ലാതെയായിട്ട് രണ്ടാഴ്ച പിന്നിട്ടു. പഞ്ചായത്ത് നേതൃത്വത്തിലുള്ള കുടിവെള്ള വിതരണവും ഏകോപനമില്ലാതെ താറുമാറാകുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഇഞ്ചവിളയിലെ കുടിവെള്ള പ്രശ്നത്തിന് ബദൽ സ്വീകരിച്ച് മണലിക്കട ഭാഗത്ത് കുടിവെള്ളം മുട്ടിച്ചതായി പരാതിയുണ്ട്.
0 Comments