എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ പിടികൂടിയത് ഏജൻസികളുടെ സംയുക്ത ഓപ്പറേഷനിൽ. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്. പ്രതി ട്രെയിന്മാർഗ്ഗം രത്‌നഗിരിയിൽ എത്തിയ വിവരം കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളാണ് മുംബൈ എടിഎസിന് കൈമാറിയത്. ഇതോടെ അതിവേഗത്തിൽ പൊലീസ് ഓപ്പറേഷനും ഉണ്ടായി. ഇന്നലെ അർദ്ധരാത്രിയോടെയാണ് പ്രതിയെ പൊലീസ് പൊക്കിയത്. പ്രതി ഇപ്പോൾ ഉള്ളത് റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലാണ്.
പ്രതിയുടെ മുഖത്ത് പൊള്ളലേറ്റ പാടുകളുണ്ട്. ഇതിന് ചികിത്സ തേടാനാണ് ഇയാൾ രത്നഗിരിയിലെ ആശുപത്രിയിലെത്തിയത്. പൊലീസ് എത്തിയപ്പോൾ ഇവിടെനിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവരമറിഞ്ഞ കേരള പൊലീസിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ ഉൾപ്പെടുന്ന സംഘം അവിടേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം ഇക്കാര്യത്തിൽ പൊലീസ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്. മഹാരാഷ്ട്രയിലെ രത്നഗിരിയിലെ ഒരു ആശുപത്രിയിൽ പ്രതി എത്തിയെന്ന വിവരം ലഭിച്ചത് ഫോൺ ലൊക്കേഷൻ അടക്കമുള്ള പരിശോധനയലാണ്.
പ്രതി ഉത്തരേന്ത്യക്കാനാണെന്ന് അറിഞ്ഞതോടെ കേസിൽ വിവിധ ഏജൻസികളുടെ സഹായം തേടുകയായിരുന്നു കേരളാ പൊലീസും. കേരളാ പൊലീസിന് അറിയാവുന്ന വിവരങ്ങൾ മറ്റ് ഏജൻസികൾക്കുമായി കൈമാറുകയും ചെയ്തു. ഒടുവിൽ ഫോൺ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ അനുസരിച്ചാണ് പ്രതിയിലേക്കെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചത്. പിടികൂടിയ പ്രതിയെ ഉടൻ തന്നെ കേരളത്തിൽ എത്തിക്കുമെന്നാണ് വിവരം.
റെയിൽവേ ട്രാക്കിൽനിന്ന് കണ്ടെത്തിയ ബാഗിൽനിന്ന് ലഭിച്ച നോട്ടുപുസ്തകം, ഫോൺ എന്നിവയിൽനിന്ന് ലഭിച്ച വിവരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തിൽ പൊലീസ് അന്വേഷണം. പ്രതി യുപി സ്വദേശയാണെന്ന് സൂചന ലഭിച്ചതോടെ അന്വേഷണ സംഘം തൊട്ടടുത്ത ദിവസം തന്നെ യുപിയിലെത്തി പ്രതിയുടെ വീട്ടിൽ ഉൾപ്പെടെ പരിശോധന നടത്തി. ഇതിനുപിന്നാലെയാണ് പ്രതി മഹാരാഷ്ട്രയിൽ പിടിയിലായത്.
ആലപ്പുഴയിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്‌സിക്യൂട്ടീവ് എക്സ്‌പ്രസിൽ ഞായറാഴ്ച രാത്രിയായിരുന്നു യാത്രക്കാർക്ക് നേരേ പെട്രോളൊഴിച്ച് തീകൊളുത്തി പ്രതിയുടെ ക്രൂരകൃത്യം. സംഭവത്തിൽ മൂന്ന് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുയും ചെയ്തിരുന്നു.
0 Comments