banner

വൈദ്യുതി ബിൽ വർദ്ധിക്കും: യൂണിറ്റിന് 30 പൈസ കൂട്ടണമെന്ന ആവശ്യവുമായി കെഎസ്ഇബി അപേക്ഷ നൽകി

തിരുവനന്തപുരം : വൈദ്യുതിയ്‌ക്ക് യൂണിറ്റിന് 30 പൈസ കൂട്ടണമെന്ന് കെഎസ്ഇബി. മേയ് മാസം മുതൽ മൂന്ന് മാസത്തേക്ക് യൂണിറ്റിന് 30 പൈസയും അതിനടുത്ത മൂന്ന് മാസത്തേക്ക് 14 പൈസയും സർചാർജ് ആവശ്യപ്പെട്ട് വൈദ്യുതി റെഗുലേറ്ററി കമ്മിഷന് കെഎസ്ഇബി അപേക്ഷ നൽകി.

കെഎസ്ഇബിയുടെ അപേക്ഷ സംബന്ധിച്ച് കമ്മീഷൻ ഈ മാസം 11-ന് ഉപഭോക്താക്കളുടെ വാദം കേൾക്കുന്നതായിരിക്കും. ഇന്ധനവില കൂടിയതിനാൽ ഉത്പാദനചിലവ് വർദ്ധിക്കുന്നത് മൂലം പുറത്തു നിന്ന് വൈദ്യുതി വാങ്ങുകയാണെന്ന് കെഎസ്ഇബി വ്യക്തമാക്കി. ഇതു മൂലം ഉണ്ടാകുന്ന അധിക ബാധ്യതയാണ് സർചാർജിലൂടെ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നതെന്ന് കെഎസ്ഇബി പറഞ്ഞു. ഉപഭോക്താക്കളുടെ വാദവും കേട്ട ശേഷമായിരിക്കും കമ്മീഷൻ സർചാർജിന്റെ നിരക്ക് നിശ്ചയിക്കുന്നത്.

കഴിഞ്ഞ വർഷം ജൂലൈ മുതൽ സെപ്തംബർ വരെ വൈദ്യുതി വാങ്ങുന്നതിന് കമ്മീഷൻ അനുവദിച്ചതിനേക്കാൾ 180.38 കോടി അധികം ചിലവായി എന്നാണ് കെഎസ്ഇബി അറിയിച്ചത്. ഇത് ഈടാക്കാനാണ് മേയ് മാസം മുതൽ യൂണിറ്റിന് 30 പൈസ കൂട്ടണമെന്ന് കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

സെപ്തംബർ മുതൽ ഡിസംബർ വരെ ഉത്പാദനചിലവ് 99.03 കോടിയായിരുന്നു. ഇത് ഈടാക്കാനാണ് ആഗസ്റ്റ് മാസം മുതൽ യൂണിറ്റിന് 14 പൈസ കൂട്ടുന്നതെന്നും കെഎസ്ഇബി കൂട്ടിച്ചേർത്തു. വീഡിയോ കോൺഫറൻസ് വഴിയായിരിക്കും കമ്മിഷൻ വാദം കേൾക്കുന്നത്.

Post a Comment

0 Comments