banner

ആദ്യം ലാത്തികൊണ്ടടിച്ചു, ചോദ്യം ചെയ്യാനൊരുങ്ങുന്നതിന് മുന്നേ കവിളത്തും അടി വീണു; കാരണമില്ലാതെ പൊലീസ് മർദ്ദിച്ചെന്ന പരാതിയുമായി യുവാവ്

കൊച്ചി : കാരണമില്ലാതെ പൊലീസ് മർദ്ദിച്ചെന്ന പരാതിയുമായി യുവാവ്. കാക്കനാട് സ്വദേശി റിനീഷാണ് എറണാകുളം നോർത്ത് പൊലീസിനെതിരെ ആരോപണമുന്നയിച്ചത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രതികരണം.

'നോർത്ത് പാലത്തിന് സമീപം ഇരിക്കുമ്പോൾ പൊലീസ് അവിടേയ്ക്കെത്തി വീട് എവിടെയെന്ന് ചോദിച്ചു. കാക്കനാടാണെന്ന് പറഞ്ഞതിന് പിന്നാലെ ഫോൺ പരിശോധിക്കണമെന്നായി. ഫോൺ കൊടുക്കില്ലെന്ന് പറഞ്ഞപ്പോൾ എന്നെ പരിശോധിക്കണമെന്ന് പറഞ്ഞു. പോക്കറ്റിൽ ഒരു ഹെഡ്‌സെറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. അത് പുറത്തേക്കെടുക്കാൻ തുടങ്ങുന്നതിനിടെ ലാത്തികൊണ്ടടിച്ചു. എന്തിനാണ് അടിക്കുന്നതെന്ന് ചോദിക്കുന്നതിന് മുമ്പ് തന്നെ കവിളത്ത് ശക്തിയായി അടിച്ചു. ഇതോടെ തലകറക്കവും ഛർദ്ദിയുമുണ്ടായി. ഒരു ഭാഗം മരവിച്ചതുപോലെ തോന്നി. അത്ര ശക്തമായാണ് അടിച്ചത്.' - റിനീഷ് പറഞ്ഞു.

കസ്റ്റഡിയിലെടുത്ത റിനീഷ് സ്റ്റേഷനിൽ വച്ചും ഛർദ്ദിച്ചതോടെ പൊലീസ് ആശുപത്രിയിൽ കൊണ്ടുപോയി. ശേഷം അഞ്ച് മണിയോടെ വിട്ടയക്കുകയായിരുന്നു. ശാരീരിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് റിനീഷ് ഇപ്പോൾ ആശുപത്രിയില്‍ ചികിത്സയിലാണ്. മാന്‍പവര്‍ സപ്ലൈയുമായി ബന്ധപ്പെട്ട കമ്പനിയിലെ ജീവനക്കാരനാണ് റിനീഷ്. റെയില്‍വേ സ്റ്റേഷനിലും മറ്റുമായി ജോലി തേടിവരുന്നവരുമായി സംസാരിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു എന്നാണ് റിനീഷ് പറയുന്നത്. ഇതിനിടെയിലാണ് പൊലീസ് മര്‍ദ്ദിച്ചത്.

എന്നാൽ, നോര്‍ത്ത് പാലത്തിന് സമീപം മയക്കുമരുന്ന് വില്‍പ്പനയടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരമുണ്ടായിരുന്നു. തുടര്‍ന്നാണ് പ്രദേശത്ത് പരിശോധന നടത്തിയതെന്നും, റിനീഷിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും നോര്‍ത്ത് പൊലീസ് പറയുന്നു.

Post a Comment

0 Comments