banner

ചഹലിന് നാല് വിക്കറ്റ്; സഞ്ജു-ജയ്സ്വാൾ-ബട്‌ലർ വെടിക്കെട്ട്; ഹൈദരാബാദിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് വിജയത്തുടക്കം

ഹൈദരാബാദ് : ഐപിഎല്‍ പതിനാറാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വിജയത്തുടക്കം. ഞായറാഴ്ച നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 72 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് തകര്‍ത്തുവിട്ടത്. 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

രാജസ്ഥാനായി യുസ്‌വേന്ദ്ര ചഹല്‍ നാല് ഓവറില്‍ 17 റണ്‍സിന് നാല് പേരെ പുറത്താക്കി. ബോള്‍ട്ട് രണ്ടും ഹോള്‍ഡറും അശ്വിനും ഓരോ വിക്കറ്റും നേടി. ഇംപാക്റ്റ് പ്ലെയറായി ഇറങ്ങി 32 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത അബ്ദുള്‍ സമദാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.

  204 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഹൈദരാബാദിന് മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ജയപ്രതീക്ഷയുണര്‍ത്താനായില്ല. ആദ്യ ഓവറില്‍ തന്നെ അഭിഷേക് ശര്‍മ (0), രാഹുല്‍ ത്രിപാഠി (0) എന്നിവരെ പുറത്താക്കി ട്രെന്റ് ബോള്‍ട്ട് ഹൈദരാബാദിനെ ഞെട്ടിച്ചു. പിന്നാലെയെത്തിയ ഹാരി ബ്രൂക്ക് (13), വാഷിങ്ടണ്‍ സുന്ദര്‍ (1), ഗ്ലെന്‍ ഫിലിപ്‌സ് (8) എന്നിവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെ ഹൈദരാബാദ് മത്സരം കൈവിട്ടു. മായങ്ക് അഗര്‍വാള്‍ 23 പന്തില്‍ നിന്ന് 27 റണ്‍സെടുത്തു. വാലറ്റത്ത് തകര്‍ത്തടിച്ച ഉമ്രാന്‍ മാലിക്ക് വെറും എട്ട് പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒരു ഫോറുമടക്കം 19 റണ്‍സോടെ പുറത്താകാതെ നിന്നു. ആദില്‍ റഷീദ് (18), ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാര്‍ (6) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

നേരത്തെ ഹൈദരാബാദിനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തിരുന്നു. ജോസ് ബട്ട്‌ലർ, യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ എന്നിവരുടെ അർധസെഞ്ചുറി പ്രകടനമാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്.  

ജോസ് ബട്‍ലര്‍ വെറും 22 പന്തില്‍ മൂന്ന് സിക്സുകളുടേയും ഏഴ് ഫോറുകളുടേയും അകമ്പടിയിലാണ് അര്‍ധ സെഞ്ച്വറി തികച്ചത്. ജയസ്വാള്‍ 34 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ചു. തുടക്കം മുതല്‍ തന്നെ അക്രമിച്ച് കളിച്ച ബട്‍ലര്‍ ജയസ്വാള്‍ കൂട്ടുകെട്ട് സ്കോര്‍ ബോര്‍ഡില്‍ 85 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 32 പന്തിൽ 55 റൺസ് നേടിയാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ പുറത്തായത്.

ടി നടരാജന്റെ പന്തിൽ സിക്‌സർ പറത്താനുള്ള ശ്രമത്തിനിടെ ബൗണ്ടറിയിൽ വച്ച് അഭിഷേക് ശർമയുടെ കൈകളിലെത്തുകയായിരുന്നു. സഞ്ജുവിന്റെ ഇന്നിംഗ്‌സിൽ മൂന്ന് ഫോറും നാല് സിക്‌സും പറത്തി. ദേവ്ദത്ത് പടിക്കല്‍ (2), റിയാന്‍ പരാഗ് (7) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഷിംറോണ്‍ ഹെറ്റ്മയര്‍ 16 പന്തില്‍ നിന്ന് 22 റണ്‍സോടെ പുറത്താകാതെ നിന്നു.   ഹൈദരാബാദിനു വേണ്ടി ഫറൂഖിയും നടരാജനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Post a Comment

0 Comments