തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പതിനൊന്നാം ശമ്പള പരിഷ്ക്കരണ കുടിശ്ശികയുടെ ആദ്യ ഗഡു പി.എഫ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നത് നീട്ടിവച്ചു കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചപ്പോൾ ഈ ഉത്തരവിൽ പെൻഷൻ കാരുടെ പ്രഖ്യാപിച്ച ആനുകൂല്യങ്ങളുടെ കുടിശ്ശിക വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഒരു കാര്യം പോലും പറയാൻ കൂട്ടാക്കിയിട്ടില്ല എന്നത് ഖേദകരമാണ്. പെൻഷൻകാരുടെ പരിഷ്ക്കരണ കുടിശ്ശിക സംബന്ധിച്ചോ, ക്ഷാമാശ്വാസത്തെ സംബന്ധിച്ച് ഒരു കാര്യം പോലും ഈ ഉത്തരവിൽ വ്യക്തമാക്കത്തതിൽ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് കൗൺസിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
സംസ്ഥാന സർവ്വീസിൽ നിന്നും പെൻഷൻ പറ്റിയവർ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള അവരുടെ അർഹമായ ആനുകൂല്യങ്ങളുടെ കുടിശ്ശിക ലഭിക്കുന്നതിനായി നിരന്തരം ആവശ്യമുന്നയിച്ച് സർക്കാറിന് നിരവധി നിവേദനങ്ങൾ സമർപ്പിച്ചിട്ടും പ്രക്ഷോഭങ്ങൾ നടത്തിയിട്ടും പെൻഷൻകാരോട് സർക്കാർ സ്വീകരിച്ചിരിക്കുന്നത് തികച്ചും ശത്രുതപരമായ നിലപാടാണ്.
ഇത് ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ല. പെൻഷൻകാർക്ക് നൽകേണ്ടതായ കുടിശ്ശികൾ നിരന്തരമായി മാറ്റിവയ്ക്കേണ്ടതും ഒരു പരാമർശം പോലും വേണ്ടാത്ത ഒന്നായിക്കാണുന്നതും പുരോഗമനഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് ഒട്ടും ഭൂഷണമായ നിലപാടല്ല. പതിനൊന്നാം ശമ്പളപരിഷ്ക്കരണത്തെ തുടർന്നുള്ള പെൻഷൻ പരിഷ്ക്കരണത്തിന് ശേഷം നാളിതുവരെയായി യാതൊരു സാമ്പത്തിക ആനുകൂല്യങ്ങളും പെൻഷൻകാർക്ക് നൽകിയിട്ടില്ല എന്നകാര്യം സർക്കാർ പരിഗണിക്കാതിരിക്കുന്നതും ശരിയായ നിലപാടല്ല. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ പെൻഷൻകാരോട് തുടർന്ന് വരുന്ന ഇത്തരം അനീതികൾക്കെതിരെയും മെഡിസെപ്പ് പദ്ധതി നടപ്പാക്കിയ ശേഷം സർക്കാരിന്റെ ശ്രദ്ധയിൾപ്പെടുത്തിയിട്ടുള്ള അപാകതകൾ സമയബന്ധിതമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടും,കോർപ്പറേറ്റുകൾക്ക് മാത്രം ഗുണം ചെയ്യുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് നിലവിലുണ്ടായിരുന്ന പെൻഷൻ പദ്ധതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും, സംസ്ഥാന സർക്കാരിനെയും സംസ്ഥാനത്തെ ജനങ്ങളെയും സാമ്പത്തികമായി ഞെരുക്കുന്നതും വിവിധ ജനവിഭാഗങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള നയങ്ങൾ തിരുത്തുന്നതിന് കേന്ദ്ര സർക്കാർ തയ്യാറാകണമെന്നാവശ്പ്പെട്ടും ഈ വരുന്ന ഏപ്രിൽ 3 ന് സംസ്ഥാനത്തൊട്ടാകെ ജില്ലാ ട്രഷറികൾക്ക് മുന്നിൽ കൂട്ട ധർണ്ണ സംഘടിപ്പിച്ചിട്ടുണ്ട്. ആവശ്യങ്ങൾ ഒരു ജീവൽപ്രശ്നമായിക്കണ്ടു കൊണ്ട് സർക്കാരിന്റെ അടിയന്തര ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാവുന്നതിനായി ഈ ധർണ്ണയിൽ സംഘടനാ വ്യത്യാസം മറന്ന് പെൻഷൻ പറ്റിയ എല്ലാപേരും പങ്കെടുക്കണമെന്ന് സംസ്ഥാന പ്രസിഡന്റ്
എൻ ശ്രീകുമാറും സെക്രട്ടറി സുകേശൻ ചൂലിക്കാടും അഭ്യർത്ഥിച്ചു.
0 Comments