banner

ഹരിത കര്‍മ സേനയ്ക്ക് യൂസര്‍ ഫീ നിര്‍ബന്ധമാക്കി സര്‍ക്കാര്‍; കുടിശ്ശിക വന്നാല്‍ അത് വസ്തു നികുതിക്കൊപ്പം ഈടാക്കും!

തിരുവനന്തപുരം : ഹരിത കര്‍മ സേന മുഖേന മാലിന്യം ശേഖരിക്കുന്നതിന് യൂസര്‍ ഫീ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. യൂസര്‍ ഫീ നല്‍കാത്തവരില്‍ വസ്തു നികുതി കുടിശ്ശികയായി ഈടാക്കാനും തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഇന്ന് മുതല്‍ ഉത്തരവിന് പ്രാബല്യം ഉണ്ടാകും.

കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ അജൈവ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതാണ് ഹരിത കര്‍മ സേന. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് അടക്കം അജൈവ മാലിന്യങ്ങള്‍ ശേഖരിക്കേണ്ടത് ഹരിത കര്‍മ സേന പ്രവര്‍ത്തകരാണ്. അതാത് തദ്ദേശ സ്ഥാപനങ്ങള്‍ ഇവര്‍ക്കുള്ള യൂസര്‍ ഫീ നിശ്ചയിച്ച് നല്‍കണം. വീടുകള്‍ക്ക് 50 രൂപയും സ്ഥാപനങ്ങള്‍ക്ക് 100 രൂപയുമാണ് പ്രതിമാസ ഫീസ്. നിശ്ചിത ഫീസ് നല്‍കാന്‍ ആളുകള്‍ തയ്യാറാകുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ഉത്തരവ് അനുസരിച്ച് യൂസര്‍ ഫീ നല്‍കാതെ കുടിശ്ശിക വന്നാല്‍ അത് വസ്തു നികുതിക്കൊപ്പം ഈടാക്കാം. എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഏതെങ്കിലും വിഭാഗങ്ങളെ ഒഴിവാക്കണമെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം. യൂസര്‍ ഫീ നല്‍കാത്തവര്‍ക്ക് സേനയുടെ സേവനം നിഷേധിക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം.

Post a Comment

0 Comments