banner

തീച്ചൂളയിൽ വീണ് അതിഥി തൊഴിലാളി മരിച്ച സംഭവം; കൈവിടില്ല, സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് മന്ത്രി ശിവൻകുട്ടി



കോഴിക്കോട് : പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീച്ചൂളയിൽ വീണു മരിച്ച അതിഥി തൊഴിലാളിയുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. മരണപ്പെട്ട ബംഗാൾ സ്വദേശി നസീർ ഹുസൈൻ മൃതദേഹം സ്വദേശത്ത് എത്തിക്കുന്നതിന് ജില്ലാ ലേബർ ഓഫീസർ തൊഴിലുടമയുമായി ആലോചിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ജോലിക്കിടയിൽ സംഭവിച്ച അപകടമരണം ആയതിനാൽ എംപ്ലോയീസ് കോമ്പൻസേഷൻ ആക്ട് പ്രകാരമുള്ള തൊഴിലാളികളുടെ നിയമാനുസൃത ആശ്രിതർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനും നടപടികൾ സ്വീകരിച്ചുവരികയാണ്. കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം 2 ലക്ഷം രൂപയുടെ ആനുകൂല്യം കുടുംബത്തിന് ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. നസീർ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചിട്ട് നാല് ദിവസം മാത്രമേ ആയിരുന്നുളളൂ എന്നാണ് എറണാകുളം ജില്ലാ ലേബർ ഓഫീസറുടെ (എൻഫോഴ്സ്മെന്റ്) റിപ്പോർട്ടിൽ പറയുന്നത്. സെക്യൂരിറ്റി ജോലിയാണ് ചെയ്തിരുന്നത്.

മാലിന്യ കൂമ്പാരത്തിന് തീപിടിച്ചത് കെടുത്താൻ ശ്രമിക്കവെ 15 അടി താഴ്ചയിലേക്ക് നസീർ വീഴുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. 

ആറ് ഫയർ എഞ്ചിനുകളാണ് രക്ഷാപ്രവർത്തനത്തിനായി സംഭവസ്ഥലത്തെത്തിയത്. 10 മണിക്കൂർ രക്ഷാ പ്രവർത്തനത്തിനായി പരിശ്രമം നടത്തിയിട്ടും നസീറിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. 

പ്ലൈവുഡ് കമ്പനിയിലെ മാലിന്യം കൂട്ടിയിട്ടതിന് ശേഷം ഈ കുഴിയിലിട്ട് കത്തിച്ചു കളയുന്നതാണ് പതിവ്. ഈ കുഴിയിൽ നിന്ന് പുക ഉയരുന്നത് കണ്ട് നനക്കാൻ എത്തിയപ്പോഴാണ് നസീർ വീണത്.

إرسال تعليق

0 تعليقات