banner

ധോണിപ്പടയെ വീഴ്ത്തി ഗുജറാത്ത് ടൈറ്റന്‍സിന് വിജയതുടക്കം; നാലു പന്തുകള്‍ ബാക്കി നില്‍ക്കെ വിജയലക്ഷ്യം കടന്നു!

അഹമ്മദാബാദ് : ഐ.പി.എൽ പതിനാറാം സീസണിലെ ആദ്യ വിജയം നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന്. ശക്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ചു വിക്കറ്റുകള്‍ക്കാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത്. ചെന്നൈ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നാലു പന്തുകള്‍ ബാക്കി നില്‍ക്കെ ഗുജറാത്ത് മറികടന്നു. 36 പന്തില്‍ 63 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ ടോപ് സ്‌കോററായപ്പോള്‍ രാഹുല്‍ തെവാട്ടിയ ഫിനിഷറായി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റിന് 178 റണ്‍സെടുത്തു. 50 പന്തില്‍ നാല് ഫോറും 9 സിക്സറും സഹിതം 92 റണ്ണെടുത്ത ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിന്റെ വെടിക്കെട്ടാണ് ചെന്നൈക്ക് സുരക്ഷിത സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണറായെത്തി 18-ാം ഓവറിലെ ആദ്യ പന്തിലാണ് റുതു സെഞ്ചുറിക്കരികെ മടങ്ങിയത്. അല്‍സാരി ജോസഫിന്റെ പന്തില്‍ ശുഭ്മാന്‍ ഗില്ലിനായിരുന്നു ക്യാച്ച്. ഗുജറാത്തിനായി മുഹമ്മദ് ഷമിയും റാഷിദ് ഖാനും അല്‍സാരി ജോസഫും രണ്ട് വീതവും ജോഷ്വാ ലിറ്റില്‍ ഒന്നും വിക്കറ്റ് വീഴ്ത്തി.

ഗുജറാത്തിനായി വൃദ്ധിമാന്‍ സാഹ 25 റണ്‍സും ഇംപാക്ട് പ്ലെയറായി എത്തിയ സായി സുദര്‍ശന്‍ 22 റണ്‍സും വിജയ് ശങ്കര്‍ 27 റണ്‍സുമെടുത്തു. അവസാന ഓവറുകളില്‍ ക്രീസിലെത്തിയ റാഷിദ് ഖാന്‍ മൂന്ന് ബോളില്‍ 10 റണ്‍സുമായി ഗുജറാത്തിന് അനായാസ ജയം നേടിക്കൊടുത്തു. ചെന്നൈക്കായി രാജ്‌വര്‍ധന്‍ ഹങ്കരേക്കര്‍ നാല് ഓവറില്‍ 36 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഗുജറാത്തിനായി മുഹമ്മദ് ഷമിയാണ് സീസണിലെ ആദ്യ വിക്കറ്റ് നേടിയത്. മൂന്നാം ഓവറിന്റെ രണ്ടാം പന്തില്‍ ചെന്നൈ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയെ ക്ലീന്‍ ബൗള്‍ഡ് ചെയ്താണ് ഷമി ചെന്നൈയെ ഞെട്ടിച്ചത്. ചെന്നൈ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് സീസണിലെ ആദ്യ സിക്‌സര്‍ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു. നാലാം ഓവറിന്റെ ആദ്യ പന്ത് ഹൂക് ഷോട്ടിലൂടെ ഫൈന്‍ ലെഗില്‍ പറത്തിയാണ് ഗെയ്ക്വാദ് സിക്‌സറടിച്ചത്.

Post a Comment

0 Comments