banner

കട്ടിൽ വിതരണത്തിന്റെ ഗുണഭോക്താക്കളുടെ പട്ടികയിൽ അനർഹരെ ചേർക്കാൻ ശ്രമിച്ചത് തടഞ്ഞ ഉദ്യോഗസ്ഥയുടെ കൈ പിടിച്ചു തിരിച്ചു; ജോലി തെറിപ്പിക്കുമെന്ന് ഭീഷണി; സിപിഎം വാർഡ് മെമ്പർക്കെതിരെ പരാതി



കോട്ടയം : അർഹതയില്ലാത്തവർക്ക് കട്ടിൽ വിതരണം ചെയ്യുന്നത് തടയാൻ ശ്രമിച്ച ഐസിഡിഎസ് സൂപ്പർവൈസർക്കുനേരെ സിപിഎം പഞ്ചായത്തംഗത്തിന്റെ കൈയ്യേറ്റ ശ്രമം. വിജയപുരം പഞ്ചായത്തിലെ ഐസിഡിഎസ് (ഇന്റഗ്രേറ്റഡ് ചൈൽഡ് ഡവലപ്മെന്റ് സ‍ർവീസസ്) സൂപ്പർവൈസറെ സിപിഎം വാർഡ് അംഗം പി.ടി.ബിജു കയ്യേറ്റം ചെയ്തെന്നാണു പരാതി. ‘ജോലി തെറിപ്പിക്കും’ എന്ന് പറഞ്ഞായിരുന്നു അതിക്രമം. പൊലീസിനു പരാതി നൽകിയതായി ഉദ്യോഗസ്ഥ വ്യക്തമാക്കി.

പഞ്ചായത്തിലെ വയോജനങ്ങൾക്കായി മാങ്ങാനം ആശ്രാമം വാർഡിലെ അങ്കണവാടിയിൽ കഴിഞ്ഞദിവസം കട്ടിൽ വിതരണം നടക്കുമ്പോൾ അർഹതയില്ലാത്തവർക്ക് കൂടി വിതരണം ചെയ്യണമെന്ന് ഒൻപതാം വാർഡംഗം പി.ടി.ബിജു ആവശ്യപ്പെട്ടെന്നാണു പരാതി. ഒപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകനു നൽകാൻ കട്ടിൽ എടുക്കാൻ ശ്രമിച്ചു.

എന്നാൽ, പട്ടികയിൽ ഉൾ‌പ്പെടാത്തവർക്കും മതിയായ രേഖകൾ ഇല്ലാത്തവർക്കും കട്ടിൽ നൽകാൻ ആവില്ലെന്ന് പറഞ്ഞപ്പോൾ ബിജു അസഭ്യ വർഷം നടത്തി കൈയിൽ പിടിച്ചു തിരിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥ അധികൃതർക്കു നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. അങ്കണവാടി ജീവനക്കാർക്കു നേരെയും അസഭ്യവർഷവും അതിക്രമവും നടന്നു.

അങ്കണവാടി ജീവനക്കാർക്കെതിരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പഞ്ചായത്തിനു മുന്നിൽ ഇന്നലെ പള്ളം ഡിവിഷനിലെ അങ്കണവാടി ജീവനക്കാർ ധർണ നടത്താൻ തീരുമാനിച്ചെങ്കിലും പാർട്ടിയുടെ മഹിളാ സംഘടന ഇടപെട്ട് ജീവനക്കാരെയെല്ലാം പിന്തിരിപ്പിച്ചതായും ആക്ഷേപം ഉണ്ട്.

Post a Comment

0 Comments