banner

അഞ്ചാലുംമൂട്ടിലെ സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനം നാളെ; മുകേഷ് എം.എൽ.എ ചൂണ്ടിക്കാട്ടിയ അനധികൃത നിർമ്മിതി പഴയപടി; വികസന സ്വപ്നങ്ങൾക്ക് വെല്ലുവിളിയോ?



അഞ്ചാലുംമൂട് : കൊല്ലം - തേനി ദേശീയ പാത (എൻ.എച്ച് 183)  അഞ്ചാലുംമൂട് ജംങ്ഷന് സമീപം, അഞ്ചാലുംമൂട് ജംങ്ഷൻ്റെ വികസന സ്വപ്നങ്ങൾക്ക് തടസ്സം സൃഷ്ടിച്ചു പൂർത്തീകരിച്ച തൃക്കടവൂർ സ്മാർട്ട് വില്ലേജ് ഓഫീസിനോടനുബന്ധിച്ച നിർമ്മാണങ്ങൾ വിവാദമാകുന്നു. ദേശീയ പാത വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി ഏറ്റെടുത്ത സ്ഥലത്തേക്ക് വില്ലേജ് ഓഫീസിൻ്റെ വാഹനങ്ങൾ കയറുന്നതിനായി നിർമ്മിച്ച കോൺക്രീറ്റ് റാമ്പ് ആണ് പുതിയ വിവാദങ്ങൾക്ക് വഴിവച്ചത്. ജംങ്ഷനിലെ തിരക്ക് ഒഴിവാക്കുവാനായി ജില്ലാ പഞ്ചായത്ത്, ജംങ്ഷനു സമീപത്തായുള്ള സ്കൂൾ ഗ്രൗണ്ട് വിട്ട് നൽകി അവിടെ ബസ് ബേ നിർമ്മിച്ചിട്ടും അതിലെയ്ക്ക് ബസിന് കയറുവാൻ പറ്റാത്ത വിധമാണ് റോഡിലെയ്ക്കിറക്കിയുള്ള റാമ്പ് നിർമ്മാണം. നേരത്തെ വില്ലേജ് ഓഫീസ് കെട്ടിടവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനത്തെ കൊല്ലം എം.എൽ.എ ചോദ്യം ചെയ്തിരുന്നു. അത് അവഗണിച്ചാണ് പൊതുമരാമത്ത് വകുപ്പ് നിർമ്മാണം തുടർന്നത്. പ്രാദേശിക റോഡുകളോട് ചേർന്ന് വീടുവയ്ക്കുന്നതിന് പോലും അനുമതി നൽകാത്ത കോർപ്പറേഷൻ്റെ ഗുരുതര കൃത്യവിലോഭമാണ് അഞ്ചാലുംമൂട്ടിൽ നടന്നതെന്ന് പ്രദേശവാസികളും വ്യാപാരികളും ആരോപിക്കുന്നു. ഇതോടെ നാളെ ഉദ്ഘാടനം നടക്കാനിരിക്കുന്ന തൃക്കടവൂർ വില്ലേജ് ഓഫീസ് കെട്ടിടം വകുപ്പുകളുടെ ഏകോപനമില്ലായ്മയുടെ നേർ ചിത്രമാകും.



അന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി....

എം.എൽ.എ ഫണ്ടിൽ നിന്നും തുക വിനിയോഗിച്ച് നിർമ്മിച്ച ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ കൊല്ലം എം.എൽ.എ എം.  മുകേഷ് വില്ലേജ് ഓഫീസ് നിർമ്മിതിയെ ചോദ്യം ചെയ്തിരുന്നു. ടി കെട്ടിടം ഭാവിയിലെ അഞ്ചാലുംമൂടിൻ്റെ വികസന സ്വപ്നങ്ങളെ സാരമായി ബാധിക്കുമെന്നും ദീർഘവീക്ഷണമില്ലാത്ത നിർമ്മിതിയാണ് കെട്ടിപ്പൊക്കുന്നതെന്നും അദ്ദേഹം അന്ന് കുറ്റപ്പെടുത്തി. എന്നാൽ പിന്നിട് അദ്ദേഹവും മൗനം സ്വീകരിക്കുകയായിരുന്നു.

ഏറ്റെടുത്താൽ പൊളിക്കേണ്ടി വരും....

അഞ്ചാലുംമൂട് ഉൾപ്പെടെയുള്ള ജില്ലയിലെ പാത കടന്നു പോകുന്ന പ്രദേശങ്ങളിൽ സ്ഥലമേറ്റെടുത്ത് കൊണ്ട് ഏഴുമീറ്റർ വീതിയിൽ രണ്ടുവരിപ്പാതയാണ് നിർമിക്കുന്നത്. ഇതിനായി ഭൂമി ഏറ്റെടുക്കാൻ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. ഈ പാത വരുന്നതായി മുൻകൂട്ടി കണ്ട് വേണമായിരുന്നു വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം പൂർത്തീകരിക്കേണ്ടിയിരുന്നത്. പക്ഷെ അങ്ങനെ നടന്നില്ല. പുറത്തു വരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ അനധികൃത നിർമ്മിതി പൊളിച്ചു മാറ്റേണ്ടി വരും.  

ഉദ്യോഗസ്ഥർ ശ്രദ്ധിച്ചില്ല....

കൊല്ലത്ത് ദേശീയപാത 66- ന്റെ ഭൂമിയേറ്റെടുക്കലിന് മേൽനോട്ടം വഹിക്കുന്ന വിഭാഗം സ്‌പെഷ്യൽ തഹസീൽദാർ സ്ഥലം സന്ദർശിച്ചിരുന്നെങ്കിൽ വിവാദമായ നിർമ്മിതികൾ പൊളിച്ചുമാറ്റുന്നതിന് നിർദ്ദേശം നൽകിയേനെ. എന്നാൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.


മൗനം പാലിച്ച് രാഷ്ട്രീയ നേതൃത്വങ്ങൾ...
"ആശാന് അടുപ്പിലും ആകാം "

ത്രികോണ മുന്നണികളും അനധികൃത നിർമ്മാണത്തെ പറ്റി മൗനമാണ് നയമായി സ്വീകരിച്ചത്. ഇത് മൂലം  തങ്ങളുടെ നേതാക്കളുടേയും വൻകിട വ്യവസായികളുടേയും പ വ്യാപാര സമുച്ചയങ്ങളുടെ മേലുള്ള പൊളിക്കൽ ഭീഷണിയെ നേരിടാം എന്നും അവർ കരുതിയിട്ടുണ്ടാവാം. രാഷ്ട്രീയ നേതൃത്വങ്ങൾ ഇത്തരത്തിൽ നിലപാട് സ്വീകരിച്ചതിന് പിന്നിലെ ഔചിത്യം ജനങ്ങൾ ചോദ്യം ചെയ്യുന്നുണ്ട്.

Post a Comment

0 Comments