കൊല്ലം : എ.ഐ ക്യാമറാ ഇടപാടിലെ ക്രമക്കേട് ആരോപണത്തിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് ആർ.വൈ.ഫ് കൊല്ലം ആർ.ടി.ഒയെ ഉപരോധിച്ചു. ആർ.വൈ.എഫ് സംസ്ഥാന - ജില്ലാ ഭാരവാഹികളും പ്രവർത്തകരും ഉപരോധത്തിൽ പങ്കെടുത്തു. സമഗ്ര അന്വേഷണമാവശ്യമാണെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
അതേ സമയം, എ ഐ ക്യാമറ ആരോപണത്തിൽ ഇപ്പോഴത്തെ വിവാദങ്ങൾക്ക് മുന്നേ അന്വേഷണം തുടങ്ങി എന്ന വാദവുമായി സംസ്ഥാന സർക്കാർ. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. എഐ ക്യാമറ ഇടപാടില്‍ 2022 മെയിലാണ് സര്‍ക്കാരിന് പരാതി ലഭിക്കുന്നത്. ഇതിന് പിന്നാലെ സര്‍ക്കാര്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. വിജിലൻസിന്റെ തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റ് രണ്ടാണ് അന്വേഷണം നടത്തുന്നത്.
എ ഐ ക്യാമറ ഇടപാടുമായി ബന്ധുപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. 232 കോടി രൂപ ചെലവില്‍ നടപ്പിലാക്കിയ പദ്ധതി കെല്‍ട്രോണ്‍ വഴി വാങ്ങിയതിലും നടപ്പാക്കിയതിലും അഴിമതി, സേഫ് കേരള എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലാപ്‌ടോപ് വാങ്ങിയതില്‍ ക്രമക്കേട് തുടങ്ങി ആറിലധികം പരാതികളാണ് സര്‍ക്കാരിന് ലഭിച്ചത്. മെയ് മാസത്തില്‍ ലഭിച്ച പരാതിയില്‍ ആ മാസം തന്നെ പ്രാഥമിക അന്വേഷണം നടത്തി. തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
0 Comments