കോഴിക്കോട് : ഹജ്ജ് നറുക്കെടുപ്പിന് പിന്നാലെ കേരളത്തിനുള്ള ഹജ്ജ് സീറ്റുകൾ പുറത്തുവിട്ടു. കേരളത്തിൽ നിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് 10,331 പേരാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി.
70 വയസ്സ് വിഭാഗത്തിൽ നിന്ന് 1,430 പേരും വിത്തൗട്ട് മെഹ്‌റം വിഭാഗത്തിൽ നിന്ന് (സ്ത്രീകൾ മാത്രമുള്ളത്) 2,807 പേരും ജനറൽ വിഭാഗത്തിൽ നിന്ന് 6,094 പേരുമാണ് ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടത്. ഇവരിൽ ഏറ്റവും കൂടുതൽ പേർ കരിപ്പൂർ പുറപ്പെടൽ കേന്ദ്രമായി തിരഞ്ഞെടുത്തവരാണ്- 6,322. നെടുമ്പാശ്ശേരി തിരഞ്ഞെടുത്തവർ 2,213ഉം കണ്ണൂർ തിരഞ്ഞെടുത്തവർ 1,796ഉം ആണ്.
തിരഞ്ഞെടുക്കപ്പെട്ട 10,331 പേരൊഴിച്ച് ബാക്കിയുള്ളവരിൽ നിന്ന് നറുക്കെടുപ്പിലൂടെ വെയിറ്റിംഗ് ലിസ്റ്റും തയ്യാറാക്കിയിട്ടുണ്ട്.
ഇന്നലെയോടെയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഹാജിമാരുടെ പട്ടിക പുറത്തുവിട്ടത്. നറുക്കെടുപ്പിൽ കേരളത്തിന് 13,000 സീറ്റുകളെങ്കിലും ലഭ്യമാകുമെന്നായിരുന്നു സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രതീക്ഷ. എന്നാൽ അത്രയും സീറ്റുകൾ ലഭിച്ചില്ല.
മറ്റ് സംസ്ഥാനങ്ങളിൽ അപേക്ഷകരേക്കാളും അധികം വരുന്ന സീറ്റുകൾ മുൻകാലങ്ങളിൽ വീതിക്കാറുണ്ടായിരുന്നു. എന്നാൽ കേന്ദ്രീകൃത ഡിജിറ്റൽ തിരഞ്ഞെടുപ്പായതിനാൽ ഇപ്രാവശ്യം ഇത്തരത്തിലുള്ള സീറ്റുകൾ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് അറിയുന്നത്. ഏതെങ്കിലും സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഹജ്ജ് അപേക്ഷകർ ക്യാൻസൽ ചെയ്യുമ്പോൾ മാത്രമേ ഇനി കേരളത്തിന് ഏതാനും സീറ്റുകൾ കൂടി ലഭിക്കാൻ സാധ്യതയുള്ളൂ.
മലപ്പുറം - 3463, കോഴിക്കോട് - 2341, കണ്ണൂർ - 1122, ആലപ്പുഴ-178, എറണാകുളം-729, ഇടുക്കി-76, കാസർക്കോട്-527, കൊല്ലം-276, കോട്ടയം-142, പാലക്കാട്-575, പത്തനംതിട്ട-35, തിരുവനന്തപുരം-285, തൃശൂർ-393, വയനാട്-189 തുടങ്ങിയതാണ് ജില്ല തിരിച്ച കണക്ക്.
0 Comments