banner

കിളികൊല്ലൂർ പോലീസ് മർദ്ദനം: കുടുംബം നേരിടുന്നത് കടുത്ത ഭീഷണി; സസ്പെൻഷനിലായ പൊലീസുകാരൻ വീടിന് സമീപമെത്തി മദ്യപാനവും ചീട്ടുകളിയും; തുടർ നടപടിയെവിടെ? - അഷ്ടമുടി ലൈവ് എക്സ്ക്യൂസിവ്



കിളികൊല്ലൂരിൽ പോലീസ് സ്റ്റേഷനിൽ സൈനികനും സഹോദരനും ക്രൂര മർദ്ദനത്തിനിരയായ സംഭവത്തിൽ കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമം നടക്കുന്നതായി ആരോപിച്ച് ഇര രംഗത്ത്. മർദ്ദനത്തിനിരയായ സഹോദരങ്ങളെ വീണ്ടും കള്ളക്കേസിൽ കുടുക്കുമെന്നും പഴയ കേസ് ബലപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നുമാണ് ഭീഷണിയെന്ന് പോലീസ് മർദ്ദനത്തിനിരയായ വിഘ്നേഷ് പറയുന്നു. പോലീസുകാർക്കെതിരെ നൽകിയ പരാതി പിൻവലിക്കുകയാണെങ്കിൽ കള്ളക്കേസുകൾ ഇല്ലാതാക്കാമെന്നും രേഖകൾ തിരുത്താമെന്നുമാണ് പ്രതികളായ പോലീസ് ഉദ്യോഗസ്ഥരുടെ വാഗ്ദാനം. 

മാത്രമല്ല ഇവരുടെ വീടിന് സമീപം കേസിൽ സസ്പെൻഷനിലായ പോലീസുകാരൻ സംഘം ചേർന്ന് ഭീഷണിയുയർത്തും വിധം പരസ്യമായി മദ്യപിക്കുകയും, പണം വെച്ച് ചീട്ടുകളിക്കുന്നതായും ആക്ഷേപമുണ്ട്. കുറ്റക്കാർക്കെതിരെയുള്ള വകുപ്പുതല അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനിടെയാണ് പോലീസ് വൃത്തങ്ങളിൽ നിന്നും പ്രതികളിൽ നിന്നും സഹോദരങ്ങൾക്കും കുടുംബത്തിനും പലവിധ ഭീഷണി നേരിടേണ്ടി വരുന്നത്. ഇതോടെ ആശങ്കയിലായിരുക്കുകയാണ് കുടുംബം.

കഴിഞ്ഞ ഒൻപത് മാസങ്ങൾക്ക് മുമ്പാണ് പോലീസ് സേനയ്ക്കാകമാനം നാണക്കേട് ഉണ്ടാക്കുന്ന സംഭവങ്ങൾ കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ അരങ്ങേറിയത്. എംഡിഎംഎ കേസിലെ പ്രതികളെ ജാമ്യം എടുക്കാൻ എത്തിയ പേരൂർ സ്വദേശികളായ വിഘ്നേഷും, സൈനികനും സഹോദരനുമായ വിഷ്ണുവും ചേർന്ന് സ്റ്റേഷൻ ആക്രമിക്കുകയും തങ്ങളെ മർദ്ദിക്കുകയും ചെയ്തുവെന്നാണ് പോലീസിൻ്റെ ആദ്യ വിശദീകരണമെങ്കിലും 12 ദിവസത്തെ റിമാൻ്റ് കാലാവധി കഴിഞ്ഞ് സഹോദരങ്ങൾ പുറത്തിറങ്ങിയതോടെ കഥയിലെ വില്ലൻ പോലീസാണെന്ന് മാധ്യമങ്ങളിലൂടെ ജനങ്ങളറിഞ്ഞു. പിന്നാലെ കുറ്റക്കാരായ പോലീസുകാരെ സസ്പെൻഷനിലാക്കുകയും ഇവർക്കെതിരെയുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ആയിരുന്നു. എന്നാൽ ഈ നടപടികൾ വെറും പ്രഹസനമാണെന്നും സസ്പെൻഷനിലായ പോലീസുകാർ സർവ്വീസിലുള്ളത് പോലെയെന്ന ബലത്തിൽ തന്നെയാണ് കേസ് അട്ടിമറിക്കാൻ ശ്രമം നടത്തുന്നതെന്ന് വിഘ്നേഷ് ആരോപിക്കുന്നു.

നടപടികൾ തുടങ്ങിയിട്ട് ആറ് മാസം പിന്നിടുമ്പോഴും പോലീസുകാർക്കെതിരെയുള്ള അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. ഇതിനിടെയാണ് പോലീസ് ഭീഷണിയും, കേസിലെ പോലീസുകാരൻ്റെ ഭീഷണിയുയർത്തും വിധമുള്ള പരസ്യമായ മദ്യപാനവും, പണം വെച്ചുള്ള ചീട്ടുകളിയും കുടുംബത്തിന് ആശങ്കയുണ്ടാക്കുന്നുണ്ട്. സാധാരണക്കാരായ ജനങ്ങളാണ് ഇത് ചെയ്യുന്നതെങ്കിൽ പൊലീസ് അവരെ പിടികൂടിയേനെയെന്നും എന്നാൽ പ്രതിസ്ഥാനത്ത് പോലീസായതിനാൽ ഉദ്യോഗസ്ഥർ മൗനം പാലിക്കുകയാണെന്നും വിഘ്നേഷ് പറയുന്നു.

സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഉയർത്തുന്ന ഭീഷണികൾ അമർച്ച ചെയ്യണമെന്നും. മറ്റൊരു അന്വേഷണ ഏജൻസിയെ കേസ് ഏൽപ്പിച്ച് അന്വേഷണം വേഗത്തിലാക്കണമെന്നുമാണ് കുടുംബത്തിൻ്റെ ആവശ്യം. അന്വേഷണ ഏജൻസിയെ മാറ്റുന്ന കാര്യം ചീഫ് സെക്രട്ടറിയോട് സൈന്യം ആവശ്യപ്പെട്ടിരുന്നു. സർക്കാർ നിലപാട് അറിഞ്ഞ ശേഷം മാത്രമേ സി.ബി.ഐ ഉൾപ്പെടെയുള്ള സമാന്തര അന്വേഷണ ഏജൻസികൾക്ക് കേസ് കൈമാറാനാകൂ. നിലവിൽ കേസുമായി ബന്ധപ്പെട്ട എല്ലാവിധ സഹായങ്ങൾക്കും സൈന്യം തയ്യാറാണെന്ന് ബന്ധപ്പെട്ടവർ നേരത്തെ കുടുംബത്തിനെ അറിയിച്ചിരുന്നു.

Post a Comment

0 Comments