banner

കൊല്ലത്ത് യൂത്ത് ‌കോൺഗ്രസുകാരെ പ്രതിഷേധത്തിനിടെ വളഞ്ഞിട്ട് അടിച്ച സംഭവം; കേസിൽ ഡി.വൈ.എഫ്‌.ഐ പ്രവർത്തകൻ അറസ്റ്റിൽ



കൊല്ലം : യൂത്ത് കോൺഗ്രസ് നേതാക്കളെ പ്രതിഷേധത്തിനിടെ വളഞ്ഞിട്ട് അടിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ പിടിയിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, ആഷിക് ബൈജു, അജ്മൽ അജു, ശരത്ത് മോഹൻ തുടങ്ങിയവരെ ആക്രമിച്ച കേസിലാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകനായ മുണ്ടയ്ക്കൽ സ്വദേശി ആനന്ദ് പിടിയിലായത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെെന്ന് പോലീസ് പറഞ്ഞു. ഈസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്.

യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ആനന്ദ് വാൾ പ്രദർശിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ആനന്ദിനെതിരെ കൊല്ലം ഈസ്റ്റ്, കിളികൊല്ലൂർ, ഇരവിപുരം സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പടെയുള്ള നിരവധി കേസുകൾ നിലവിലുണ്ട്. യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള മൂന്നുപേർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി ആവശ്യം നിരസിച്ചിരുന്നു.

ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലും പരസ്യമായി പൊതുപരിപാടികളിൽ ഡി.വൈ.എഫ്‌.ഐ നേതാക്കൾ പങ്കെടുക്കുന്നതിനെതിരെ നിരവധി പരാതികൾ യൂത്ത് കോൺഗ്രസ് നേതാക്കൾ നൽകിയിരുന്നു. എന്നാൽ ഡി.വൈ.എഫ്‌.ഐ നേതാക്കൾ ഒളിവിലാണെന്ന റിപ്പോർട്ടാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. പൊലീസിന്റെ അന്വേഷണ വീഴ്ചകൾ മുൻനിറുത്തി അന്വേഷണം മാറ്റി മറ്റൊരു ഏജൻസിയെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിഷ്ണു കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം മണ്ണിൽ പുതഞ്ഞ ചിന്താ ജെറോമിന്റെ കാർ കേസിലെ പ്രധാന പ്രതിയായ ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി മന്ത്രിയുടെയും പൊലീസിന്റെയും സാന്നിദ്ധ്യത്തിൽ
തള്ളുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
പരസ്യമായി കറങ്ങികടന്നിട്ടും വധശ്രമക്കേസിലെ പ്രതികളായ ഡി.വൈ.എഫ്.ഐ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിനെതിരെ കോടതിയെ സമീപിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം പറഞ്ഞു.

Post a Comment

0 Comments