banner

വന്ദേഭാരത് എക്സ്പ്രസിന് മലയാളി ലോക്കോ പൈലറ്റ്; ഒരു മിനിറ്റിൽ തന്നെ 130 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ കഴിയും!; ആനന്ദ് പറയുന്നു



തിരുവനന്തപുരം : കേരളത്തിലേക്ക് ചെന്നൈയിൽ നിന്ന് എത്തിച്ച ആദ്യ വന്ദേ ഭാരത് എക്സ്പ്രസിലെ ലോക്കോ പൈലറ്റ് മലയാളിയാണ്. സതേൺ റെയിൽവേയിൽ മദ്രാസ് ഡിവിഷനിൽ ജോലി ചെയ്യുന്ന പത്തനംതിട്ട നിലയ്ക്കൽ സ്വദേശിയായ എം ആർ ആനന്ദനാണ് ഈ അസുലഭ അവസരം ലഭിച്ചത്. ചെന്നൈയിലെ ഐസിഎഫ് കോച്ച് ഫാക്ടറിയിൽ നിന്ന് നിർമാണം പൂർത്തിയാക്കിയ വന്ദേഭാരത് ട്രെയിനിനെ അവിടെ നിന്ന് വില്ലുവാക്കം എന്ന യാഡ് സ്റ്റേഷനിലേക്കാണ് ആദ്യം എത്തിച്ചത്.

യാഡ് മൂവ്മെന്റ് എന്നറിയപ്പെടുന്ന ട്രെയിനുകളുടെ ഈ ചെറിയ ദൂരത്തിലെ നീക്കം ഐസിഎഫ് കോച്ച് ഫാക്ടറിയിലെ ജീവനക്കാരുടെ നേതൃത്വത്തിൽ തന്നെ നടക്കും. പിന്നീടാണ് ഇവ ലോക്കോ പൈലറ്റുമാർക്ക് കൈമാറുക. വില്ലുവാക്കത്ത് നിന്ന് ചെന്നൈ ബീച്ച് സ്റ്റേഷനിലേക്കും അവിടെ നിന്ന് നേരെ ഈറോഡിലേക്കും കേരളത്തിന് ലഭിച്ച വന്ദേഭാരത് ട്രെയിനിനെ എത്തിക്കുകയെന്നതായിരുന്നു ആനന്ദന് ലഭിച്ച ജോലി. ഗൗരവ്കുമാർ എന്ന അസിസ്റ്റൻഡ് ലോക്കോ പൈലറ്റായിരുന്നു ആനന്ദനൊപ്പം ട്രെയിൻ ഈറോഡ് ജങ്ഷൻ വരെ നിയന്ത്രിച്ചത്.


മെയിൽ-എക്സ്പ്രസ് വിഭാഗത്തിലെ ട്രെയിനുകളാണ് ആനന്ദൻ നിലവിൽ നിയന്ത്രിക്കുന്നത്. സാധാരണ ട്രെയിനുകളിലെ ലോക്കോ എഞ്ചിനുകൾക്ക് ആറ് ട്രാക്ഷൻ മോട്ടറുകളാണ് ഉള്ളത്. എന്നാൽ വന്ദേഭാരതിൽ ഇവയുടെ എണ്ണം 32 ആണ്. ട്രെയിനിന്റെ കുതിപ്പിന് സഹായിക്കുന്ന പ്രധാനഘടകവും ഈ ട്രാക്ഷൻ മോട്ടറുകളാണ്. സാധാരണ ട്രെയിനുകൾ ഒരു സ്റ്റേഷനിൽ നിർത്തണമെങ്കിൽ സ്റ്റേഷനിൽ എത്താൻ ഒരു കിലോമീറ്റർ ദൂരമുള്ളപ്പോൾ തന്നെ വേഗം കുറയ്ക്കണം.

എന്നാൽ വന്ദേഭാരതിന് അരകിലോമീറ്റർ ദൂരത്തിൽ നിന്ന് തന്നെ വേഗം നിയന്ത്രിക്കാനാകും. സ്റ്റേഷനിൽ നിന്ന് നീങ്ങിതുടങ്ങി ഒരു മിനിറ്റിൽ തന്നെ 130 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ വന്ദേഭാരതിന് സാധിക്കും. നിലവിൽ ചെന്നൈ-ജോളാർപേട്ട് സെക്ഷനിൽ വന്ദേഭാരതിന് 130 കിലോമീറ്റർ സ്പീഡിൽ സഞ്ചരിക്കാൻ സാധിക്കും. ഇതിനോട് അടുത്ത വേഗത്തിൽ തന്നെയാണ് കേരളത്തിലേക്കുള്ള ട്രെയിൻ ജോളാർപേട്ട് വരെ എത്തിയത്. പിന്നീട് ഒരോ മേഖലയിലും അനുവദിച്ചിട്ടുള്ള വേഗത്തിലാണ് ട്രെയിൻ സഞ്ചരിച്ചത്. 


ഇന്ന് തിരുപ്പതിയിലേക്ക് പോകുന്ന ട്രെയിനിലായിരുന്നു ആനന്ദന് ആദ്യം ഡ്യൂട്ടി ക്രമീകരിച്ചിരുന്നത്. എന്നാൽ വന്ദേഭാരത് കേരളത്തിലേക്ക് എത്തിക്കേണ്ടതിനാൽ ആനന്ദന് ഇന്നലെ രാത്രി തന്നെ ഡ്യൂട്ടിയിൽ മാറ്റം നൽകുകയായിരുന്നു. ഇതിനാലാണ് ആനന്ദനും കേരളത്തിലേക്കുള്ള വന്ദേഭാരത് ട്രെയിൻ എത്തിക്കുന്നതിന് പങ്കാളിയാകുവാൻ സാധിച്ചത്. കേരളത്തിലേക്കുള്ള വന്ദേഭാരത് ട്രെയിൻ എത്തിക്കുന്നതിലും പുതിയ ട്രെയിൻ ആദ്യമായി ഓടിക്കാൻ സാധിച്ചതിലും അതിയായ സന്തോഷമുണ്ടെന്ന് ആനന്ദൻ പറഞ്ഞു.

Post a Comment

0 Comments