ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. രാവിലെ മുതൽ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി തുടരുകയായിരുന്നു. ഹൃദയാഘാതത്തിന് പിന്നാലെ അദ്ദേഹത്തിന്റെ തലച്ചോറിൽ രക്തസ്രാവം ഉണ്ടായിരുന്നു. ഇതാണ് നില കൂടുതൽ ഗുരുതരമാക്കിയത്.
കഴിഞ്ഞ ദിവസം മലപ്പുറത്തുവച്ചായിരുന്നു അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. പാങ്ങോട് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മാമുക്കോയ. ഇതിനിടെ തളർന്ന് വീഴുകയായിരുന്നു. സംഘാടകർ ചേർന്ന് ഉടനെ അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടുത്തെ ചികിത്സയിൽ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇന്നലെ പുലർച്ചെയോടെയാണ് അദ്ദേഹത്തെ കോഴിക്കോട്ടേയ്ക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയത്.
ഹാസ്യകഥാപാത്രങ്ങൾ കൊണ്ടും തനതായ സംസാര ശൈലികൊണ്ടും പ്രേഷകരുടെ പ്രിയങ്കരനായിരുന്നു മാമുക്കോയ. 1946 ൽ കോഴിക്കോടായിരുന്നു മാമുക്കോയയുടെ ജനനം. ഹൈസ്‌കൂൾ പഠനത്തിന് ശേഷം മരമില്ലിൽ ജോലി പോയിക്കൊണ്ടിരിക്കുമ്പോഴായിരുന്നു മാമുക്കോയയിൽ അഭിനയ മോഹം ഉടലെടുത്തത്. അന്നത്തെ കാലത്ത് മലബാറിലെ നാടക വേദികളിൽ സജീവ സാന്നിദ്ധ്യം ആയിരുന്നു മാമുക്കോയ.
1979 ലായിരുന്നു മാമുക്കോയയുടെ സിനിമാ പ്രവേശനം. അന്യരുടെ ഭൂമിയെന്ന സിനിമയിൽ ഒരു ചെറിയ വേഷമായിരുന്നു അദ്ദേഹത്തിന് ആദ്യം ലഭിച്ചത്. പിന്നീട് സുറുമയിട്ട കണ്ണുകളിൽ എന്ന ചിത്രത്തിൽ അഭിനയിച്ചു. എന്നാൽ ഇതിന് നാല് വർഷങ്ങൾക്ക് ശേഷം സിബി മലയിലിന്റെ ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രം ആയിരുന്നു അദ്ദേഹത്തിന്റെ തലവര മാറ്റിയത്. അവിടുന്നങ്ങോട്ട് ഇരുന്നൂറിലധികം ചിത്രങ്ങളിൽ വേഷമിട്ടു.
0 Comments