തൃശൂർ : ഭക്ഷണം കഴിച്ചതിന് പിന്നാലെ അവശ നിലയിലായ ഗൃഹനാഥൻ മരിച്ചു. അമ്മാനത്ത് വീട്ടിൽ ശശീന്ദ്രൻ (57) ആണ് മരിച്ചത്. ശശീന്ദ്രന്റെ ഭാര്യയും അമ്മയും വീട്ടിലെത്തിയ രണ്ട് തെങ്ങ് കയറ്റ തൊഴിലാളികളും സമാന ലക്ഷണങ്ങളോടുകൂടി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
വീട്ടിൽ നിന്ന് ഇഡ്ഡലി കഴിച്ചവരാണ് അവശനിലയിലായത്. ഭക്ഷണത്തിൽ വിഷാംശമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭക്ഷണം കഴിച്ച ശേഷം എ ടി എമ്മിൽ നിന്ന് പണമെടുക്കാൻ പോയതായിരുന്നു ശശീന്ദ്രൻ. ഈ സമയം രക്തം ഛർദിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.
ഉടൻ തന്നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യം പോസ്റ്റ്മോർട്ടം വേണ്ടെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. എന്നാൽ ഇതിനിടയിൽ മറ്റ് നാല് പേരും ശശീന്ദ്രൻ കാണിച്ച ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെയാണ് സംശയമുയർന്നത്.
0 تعليقات