നേരത്തെ തന്നെ സംഭവത്തിൽ എൻഐഎ പ്രാഥമിക റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. ഷാറൂഖ് സെയ്ഫി എന്തുകൊണ്ട് അക്രമം നടത്താൻ കേരളം തിരഞ്ഞെടുത്തു എന്നതുൾപ്പെടെയുളള ഗൗരവമായ ചോദ്യങ്ങളായിരുന്നു ഇതിൽ ഉന്നയിച്ചിരുന്നത്.
ഈ മാസം രണ്ടാം തീയതി രാത്രി ഒൻപത് മണിയോടെയാണ് കോഴിക്കോട് എലത്തൂരിന് സമീപം ആലപ്പുഴ -കണ്ണൂർ എക്‌സ്പ്രസ് തീവണ്ടിയിൽ തീവെയ്പ് ഉണ്ടായത്. ട്രെയിനിൽ കയറിയ ഷഹീൻബാഗ് സ്വദേശി ഷാറൂഖ് സെയ്ഫി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പരിഭ്രാന്തരായി ട്രാക്കിലേക്ക് ഇറങ്ങിയ യുവതിയും പിഞ്ചുകുഞ്ഞും അടക്കം മൂന്ന് പേരെ ട്രാക്കിന് സമീപം പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. ഒൻപത് പേർക്ക് പൊളളലേറ്റിരുന്നു.
ദിവസങ്ങൾക്ക് ശേഷം കേരള പോലീസ് നൽകിയ വിവരം അനുസരിച്ച് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നാണ് പ്രതി ഷാറൂഖ് സെയ്ഫിയെ മഹാരാഷ്ട്ര എടിഎസ് പിടികൂടിയത്. ഇതിന് ശേഷം ഇയാളെ കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു. തീവെയ്പിന് ശേഷം അതേ ട്രെയിനിൽ കണ്ണൂരിലെത്തിയ ഷാറൂഖ് ഇവിടെ ഏറെ നേരം ചിലവഴിച്ച ശേഷമാണ് മഹാരാഷ്ട്രയിലേക്ക് പോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചിരുന്നു.
സക്കീർ നായിക്കിന്റെ ഉൾപ്പെടെ വീഡിയോകൾ ഓൺലൈനിൽ കണ്ട് തീവ്ര മത ആശയങ്ങളിൽ ഷാറൂഖ് സെയ്ഫി ആകൃഷ്ടനായിരുന്നുവെന്ന് പോലീസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഷാറൂഖിന് ട്രെയിനിൽ തീവെയ്പ് നടത്താൻ സഹായികളുണ്ടായിരുന്നുവെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിലും പോലീസ് അന്വേഷണത്തിൽ കാര്യമായി മുന്നോട്ടുപോകാനായില്ല.
0 Comments