banner

കളിസ്ഥലത്തെ തർക്കം, പതിനഞ്ചുകാരൻ ഗുണ്ടകൾക്ക് ക്വട്ടേഷൻ നൽകി; മൂന്ന് പേർക്ക് കുത്തേറ്റു, നാല് യുവാക്കൾക്ക് പരിക്ക്



തിരുവനന്തപുരം : മംഗലപുരത്ത്  15 വയസുകാരന്റെ ക്വട്ടേഷനെ തുടർന്ന് മൂന്ന് പേർക്ക് കുത്തേറ്റു. കൂടാതെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ആനതാഴ്ച്ചിറ നിസാമുദ്ദീൻ (19), വെള്ളൂർ സ്വദേശി സജിൻ (19), ആനതാഴ്ച്ചിറ സനീഷ് (21), നിഷാദ് (19), എന്നിവർക്കാണ് പരിക്കേറ്റത്.

ക്വട്ടേഷൻ നൽകിയ പതിനഞ്ച്കാരനായ വിദ്യാർഥിക്കെതിരെ പോലീസ് കേസെടുത്തു. കളിസ്ഥലത്ത് പതിനഞ്ച്കാരനും മറ്റുള്ളവരും തമ്മിൽ വാക്കേറ്റം ഉണ്ടായതിനെ തുടർന്നാണ് ​ഗുണ്ടാ- മയക്കുമരുന്ന് സംഘത്തിന് 15 കാരൻ ക്വട്ടേഷൻ നൽകിയതെന്ന് പോലീസ് പറഞ്ഞു. 

കാപ്പ ചുമത്തി ജയിലിൽ കിടന്ന് പുറത്തിറങ്ങിയ പ്രതികളാണ് ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മംഗലപുരം കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം എസ്.ആർ. മൻസിലിൽ ഷെഹിൻ കുട്ടൻ (26), മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ അഷ്റഫ് (24), പതിനഞ്ചു കാരനായ വിദ്യാർഥി എന്നിവരെ പോലീസ് പിടികൂടി. ആക്രമണം നടത്തുന്നതിനു മുമ്പ് പ്രതികൾ മംഗലപുരത്തെത്തിയ പനവൂർ സ്വദേശി ഓട്ടോ ഡ്രൈവറായ സിദ്ദിഖിനെ(44) മർദിക്കുകയും പണവും മൊബൈൽ ഫോണും കവരുകയും ചെയ്തിരുന്നു. നാകൊയ്ത്തൂർക്കോണം വെള്ളൂർ പള്ളിക്കു സമീപമാണ് മൂന്നംഗസംഘം ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിന് ക്വട്ടേഷൻ നൽകിയത് വെള്ളൂർ സ്വദേശിയായ പതിനഞ്ചുകാരനാണ്. ശനിയാഴ്ച രാത്രി ഏഴര മണിയോടുകൂടിയായിരുന്നു ആക്രമണം നടന്നത്.

വെള്ളൂർ പള്ളിയിൽനിന്ന് നോമ്പുതുറന്ന് തിരികെ പോകുന്നതിനിടയിലായിരുന്നു മൂന്നുപേർക്ക് കുത്തേറ്റത്. ഒരാളെ മർദിക്കുകയും ചെയ്തു. കളിസ്ഥലത്തുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് മംഗലപുരം പോലീസ് പറയുന്നു. കത്തിയും വെട്ടുകത്തിയുമായി എത്തിയ പ്രതികൾ ഒരു പ്രകോപനവും ഇല്ലാതെയാണ് ഇവരെ ആക്രമിച്ചത്. പിടിച്ചുമാറ്റാനെത്തിയവർക്കും മർദനമേറ്റു. വാരിയെല്ലിന്റെ ഭാഗത്ത് ആഴത്തിൽ കുത്തേറ്റ നിസാമുദ്ദീൻ മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

മംഗലപുരം പോലീസ് അക്രമണം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണത്തിൽ പരിക്കേറ്റവരിൽനിന്നും നാട്ടുകാരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. കേസിലെ മറ്റൊരു പ്രതിയായ അൻസറിനെ പിടികൂടാനുണ്ട്. ഇയാൾ പിടിയിലായ അഷ്റഫിന്റെ സഹോദരനാണ്. മർദനത്തിൽ പരിക്കേറ്റ സിദ്ദിഖ് ആശുപത്രിയിൽ ചികിത്സതേടുകയും മംഗലപുരം പോലീസിൽ പരാതി നൽകുകയും ചെയ്തു. പ്രതികൾക്കെതിരേ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം മംഗലപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

പിടിയിലായവരെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അഷ്റഫിന് മംഗലപുരം ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളും ഷെഹിനിന് പതിനാറോളം കേസുകളും നിലവിലുണ്ട്.ആറുമാസം മുമ്പ് ജയിൽമോചിതരായ ഇരുവരും മംഗലപുരത്തെ വിദേശ മദ്യശാലയ്ക്കു സമീപംവെച്ച് കൈലാത്തുകോണം സ്വദേശിയായ യുവാവിനെ വെട്ടി പ്പരിക്കേൽപ്പിച്ചിരുന്നു.

Post a Comment

0 Comments