banner

പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു; അണയ്ക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി തീയിലേക്ക് വീണു; തിരച്ചിലിനൊടുവിൽ മൃതദേഹാവശിഷ്ടം കിട്ടി



എറണാകുളം : പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യക്കൂമ്പാരത്തിൽ വീണ ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹാവശിഷ്ടം കിട്ടി. കൊൽക്കത്ത സ്വദേശി നസീറാണ് മരിച്ചത്. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹം കിട്ടിയത്. തീ കെടുത്താൻ ശ്രമിച്ചതിനിടെ മാലിന്യം കത്തിച്ച കുഴിയിൽ വീഴുകയായിരുന്നു. അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് ഇന്നലെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. വൈകിട്ടോടെ അവസാനിപ്പിച്ച തിരച്ചിൽ ഇന്ന് വീണ്ടും ആരംഭിക്കുകയായിരുന്നു.

ഓടക്കാലി യൂണിവേഴ്‌സൽ പ്ലൈവുഡ് കമ്പനിയിൽ ഇന്നലെ രാവിലെ 6.30നായിരുന്നു സംഭവം. 15 അടിക്ക് മുകളിലാണ് പ്ലൈവുഡ് മാലിന്യം കിടക്കുന്നത്. മാലിന്യക്കൂമ്പാരത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട് നസീർ പൈപ്പിൽ നിന്ന് വെള്ളം ചീറ്റിച്ച് അണയ്ക്കാൻ ശ്രമിച്ചെങ്കിലും താഴേക്ക് വീഴുകയായിരുന്നു. സംഭവം കണ്ട മറ്റൊരു തൊഴിലാളി ഹോസ് ഇട്ട് കൊടുത്ത് രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പട്ടിമറ്റത്തെ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തിരുന്ന നസീർ ഒരാഴ്ച മുൻപാണ് ഓടക്കാലിയിൽ എത്തുന്നത്. യന്ത്രം ഉപയോഗിച്ച് മാലിന്യം വശങ്ങളിലേക്ക് മാറ്റിയാണ് തിരച്ചിൽ നടത്തിയത്.


Post a Comment

0 Comments