ന്യൂഡൽഹി : പുൽവാമ ആക്രമണത്തിൽ നിർണായക വെളിപ്പെടുത്തലുമായി ജമ്മുകാശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്. കടുത്ത സുരക്ഷാ വീഴ്ചയാണ് പുൽവാമയിൽ സംഭവിച്ചത് എന്ന് സത്യപാൽ മാലിക് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനേയും അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നിശ്ശബ്ദത പാലിക്കാനാണ് തനിക്ക് നിർദേശം കിട്ടിയത് എന്നായിരുന്നു സത്യപാൽ മാലിക്കിൻറെ വെളിപ്പെടുത്തൽ.
'ദ വൈർ' എന്ന ഓൺലൈൻ പോർട്ടലിനായി കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിലാണ് മുൻ ഗവർണറുടെ സുപ്രധാനമായ ഈ വെളിപ്പെടുത്തൽ. 2019 ലാണ് സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന ട്രക്കുകൾക്കു നേരേ ബോംബാക്രമണം ഉണ്ടായത്. 40 ജവാൻമാരാണ് അന്ന് കൊല്ലപ്പെട്ടത്. ഇത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ വീഴ്ചയാണ് എന്നാണ് സത്യപാൽ മാലിക്കിൻറെ വെളിപ്പെടുത്തൽ.“ജവാൻമാരെ കൊണ്ടുപോകുന്നതിനായി സിആർപിഎഫ് എയർക്രാഫ്റ്റ് ആവശ്യപ്പെട്ടിരുന്നു. വലിയ സംഘം ജവാൻമാർ സുരക്ഷാ കാരണങ്ങളാൽ റോഡ് മാർഗം പോകാറില്ല.
എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിമാനങ്ങൾ വിട്ടു നൽകാൻ തയ്യാറായില്ല. ഇത് നമ്മുടെ ഭാഗത്തു നിന്നും സംഭവിച്ച വീഴ്ചയാണ്. ഇത് ഞാൻ പ്രധാനമന്ത്രിയോട് പറഞ്ഞു. നിങ്ങൾ ഇപ്പോൾ ഒന്നും മിണ്ടരുത് എന്നാണ് എനിക്ക് ലഭിച്ച നിർദേശം" സത്യപാൽ മാലിക് പറഞ്ഞു. “രഹസ്യാന്വേഷണ ഏജൻസികളുടെ നൂറ് ശതമാനം പരാജയമാണ് ആക്രമണത്തിന് കാരണം. 300 കിലോഗ്രാം സ്ഫോടക വസ്തുക്കളുമായി ഒരു കാർ പത്ത് പന്ത്രണ്ട് ദിവസങ്ങളായി ഒരു ഗ്രാമത്തിൽ ചുറ്റിത്തിരിഞ്ഞത് അന്വേഷണ ഏജൻസികളൊന്നും അറിഞ്ഞില്ല. ഇക്കാര്യം അജിത് ഡോവലിനോട് പറഞ്ഞപ്പോൾ അദ്ധേഹം ഇത് അരോടും പറയരുത് എന്നാണ് ആവശ്യപ്പെട്ടത്" സത്യപാൽ മാലിക് വെളിപ്പെടുത്തി.
രാജ്യരക്ഷ എന്ന മുദ്രാവാക്യമുയർത്തി പുൽവാമ സംഭവം ബിജെപി മുതലെടുത്തു എന്ന ആരോപണം അക്കാലത്ത് തന്നെ ഉയർന്നിരുന്നു. ബീഹാറടക്കമുള്ള സംസ്ഥാനങ്ങളിൽ സംസ്ഥാന തിരഞ്ഞെടുപ്പിൽ ബിജെപി പുൽവാമാ സംഭവം ഉയർത്തിക്കാട്ടി ദേശഭക്തി വികാരം ഉയർത്തിയതായി പ്രതിപക്ഷം ആരോപിച്ചിരുന്നു.
0 تعليقات