banner

രാഷ്ട്രീയം നിസ്സാരമല്ല, രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും ബഹുമാനം; വാർത്തകൾ നിഷേധിച്ച് ഉണ്ണി മുകുന്ദൻ



കൊച്ചി : തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സിനിമാതാരം ഉണ്ണി മുകുന്ദന്‍. താന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന വാര്‍ത്ത വ്യാജമാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ സിനിമാതാരം വ്യക്തമാക്കി. എന്നാല്‍ തനിക്ക് രാഷ്ട്രീയത്തോട് വലിയ മതിപ്പാണെന്നും അതിനെ ചെറുതായി കാണുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടുന്നതിന് മുമ്പ് അതിന്റെ ആധികാരികത പരിശോധിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. ഇത് വീണ്ടും വീണ്ടും പറയേണ്ടി വരുന്നത് ഖേദകരമാണ്. രാഷ്ട്രീയക്കാരോടും രാഷ്ട്രീയത്തോടും തനിക്ക് വലിയ ബഹുമാനമാണുള്ളത്. സമൂഹത്തില്‍ നേരിട്ട് സ്വാധീനം ചെലുത്താന്‍ കഴിയുന്നത് അവര്‍ക്കാണ്. 

രാഷ്ട്രീയത്തെ താന്‍ നിസ്സാരമായി കാണുകയില്ല. ഇപ്പോള്‍ താന്‍ ഗാന്ധര്‍വ ജൂനിയര്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണെന്നും അത് ദീര്‍ഘമായ ഷെഡ്യൂള്‍ വേണ്ട സിനിമയാണെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ ഉണ്ണി മുകുന്ദനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി ജെ പിയുടെ ഭാഗത്തു നിന്ന് സമ്മര്‍ദമുണ്ടെന്ന വാര്‍ത്തകകള്‍ പ്രചരിക്കുന്നതിനിടെയാണ് താരം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 

തന്റെ സംഘപരിവാര്‍ ബന്ധം തുറന്നു പറഞ്ഞിട്ടുള്ള ആളാണ് ഉണ്ണി മുകുന്ദന്‍. താന്‍ ബി ജെ പി - ആര്‍ എസ് എസ് അനുഭാവിയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും പരിപാടികളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്. പാലക്കാട് ബി ജെ പിയുടെ പരിപാടികളില്‍ ഉണ്ണി മുകുന്ദനെ സജീവമായി അവതരിപ്പിക്കാന്‍ നേതാക്കള്‍ ശ്രമിച്ചിരുന്നു.

തിരഞ്ഞെടുപ്പില്‍ മത്സരിച്ചാലും ഇല്ലെങ്കിലും ബി ജെ പിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ ഉണ്ണി മുകുന്ദന്‍ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍ യെസ് മൂളിയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ കേരളത്തിലെ സ്റ്റാര്‍ ക്യാംപെയ്‌നര്‍ അദ്ദേഹമായിരിക്കും. 

രാഷ്ട്രീയത്തോടുള്ള അദ്ദേഹത്തിന്റെ താല്‍പര്യം വ്യക്തമാക്കിക്കൊണ്ട് തന്നെയാണ് അദ്ദേഹം സാമൂഹ്യമാധ്യമത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Post a Comment

0 Comments