banner

സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ ശക്തമാകുന്നു; അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് മഴ വ്യാപിക്കും; കൊല്ലം ഉൾപ്പെടെ ആറ് ജില്ലകളിൽ മഞ്ഞ ജാഗ്രത



തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമാകുന്നു. അടുത്ത മണിക്കൂറുകളിൽ കൂടുതലിടങ്ങളിലേക്ക് മഴ വ്യാപിക്കും. എറണാകുളത്തും ഇടുക്കിയിലും ഇന്ന് യെല്ലേോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളത്തും പത്തനംതിട്ടയിലും യെല്ലോ അലർട്ടായിരിക്കും. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാല്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. മഴ കിട്ടുമെങ്കിലും സംസ്ഥാന താപനില മുന്നറിയിപ്പ് തുടരുകയാണ്. ആറ് ജില്ലകളിൽ ഒന്നാം ഘട്ട താപനില മുന്നറിയിപ്പായ യെല്ലോ അലർട്ടുമുണ്ട്. പാലക്കാട്, കൊല്ലം, കണ്ണൂർ, തൃശ്ശൂർ, കോട്ടയം ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി വരെ ഈ ജില്ലകളിൽ താപനില ഉയരും. പാലക്കാടും, കൊല്ലത്തും ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസായിരിക്കും. ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസായിരിക്കും. 35 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനില തുടർച്ചയായി രേഖപ്പെടുത്തുന്ന ജില്ലകളിലാണ് ഒന്നാം ഘട്ട മുന്നറിയിപ്പെന്ന നിലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിക്കുന്നത്. കേരള തീരത്ത് ഇന്ന് (25-04-2023) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Post a Comment

0 Comments