ഇത്തവണയും സ്ഥാനാര്‍ത്ഥികള്‍ക്ക് മാറ്റം വരുത്തേണ്ടെന്ന തീരുമാനമാണ് കോണ്‍ഗ്രസിനുള്ളിലുണ്ടായിട്ടുള്ളത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥിയായി എത്തിയ രമ്യ ഒന്നര ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. മണ്ഡലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ രമ്യയ്ക്കൊപ്പം ഇത്തവണയും ആലത്തൂരിലെ വോട്ടര്‍മാര്‍ നില്‍ക്കുമെന്ന് തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
പാര്‍ട്ടിയില്‍ നിന്നുള്ള ശക്തമായ പിന്തുണയാണ് ഇത്തവണയും വി.കെ. ശ്രീകണ്ഠന് പാലക്കാട് തുണയായിരിക്കുന്നത്. ഡിസിസി അദ്ധ്യക്ഷനായിരുന്ന വി കെ ശ്രീകണ്ഠന്‍ തുടര്‍ച്ചയായി രണ്ടു തവണ എംപിയായി പാലക്കാടിനെ പ്രതിനിധീകരിച്ച എം.ബി. രാജേഷിനെതിരേയാണ് ജയം നേടിയത്.വീണ്ടും ഇവരെ പരീക്ഷിക്കുന്നതിലൂടെ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായി കണക്കാക്കിയിരുന്ന ഈ രണ്ടു സീറ്റുകളിലെയും വിജയം ആവര്‍ത്തിക്കാം എന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിന്. അതേസമയം തന്നെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഒരു നിയോജക മണ്ഡലത്തില്‍ പോലും കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് കോണ്‍ഗ്രസിന് ആശങ്കയും ഉയര്‍ത്തിവിട്ടിട്ടുണ്ട്.
കഴിഞ്ഞ തവണ കോണ്‍ഗ്രസിന് അനുകൂലമായ ഒട്ടേറെ ഘടകങ്ങളുണ്ടായിരുന്നു. ശബരിമല വിഷയവും രാഹുല്‍ തരംഗവുമെല്ലാം കോണ്‍ഗ്രസിന് അനുകൂല ഘടകങ്ങളായി മാറിയിരുന്നു. ഇത്തവണ വികസനവും ജനക്ഷേമവും ഉയര്‍ത്തിക്കാട്ടി വോട്ടു പിടിക്കാനാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
0 Comments