കോഴിക്കോട് : ട്രെയിനിൽ തീവച്ചത് സ്വന്തം തീരുമാനപ്രകാരമെന്ന് ആവർത്തിച്ച് പ്രതി ഷാറൂഖ് സെയ്ഫി. പെട്രോൾ വാങ്ങിയത് ഷൊര്‍ണൂരിൽ നിന്നാണെന്നാണ് ഷാറൂഖിന്‍റെ മൊഴി. ഞായറാഴ്ചയാണ് പെട്രോൾ വാങ്ങിയത്. റെയിൽവേ സ്റ്റേഷന് സമീപത്തെ പമ്പിൽ നിന്നാണ് പെട്രോൾ വാങ്ങിയതെന്ന് ഷാറൂഖ് പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിലാണ് പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചത്. ഇംഗ്ലീഷിലും ഹിന്ദിയിലും ഒരു പോലെ പ്രാവീണ്യമുള്ള ആളാണ് ഷാറൂഖെന്ന് അന്വേഷണസംഘം പറയുന്നു. ചോദ്യം ചെയ്യലിനോട് പ്രതികരിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഷാറൂഖ് സെയ്ഫിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ചേവായൂർ മാലൂർകുന്ന് പൊലീസ് ക്യാംപിലാണ് ചോദ്യം ചെയ്യൽ. ഇന്നലെ വൈകിട്ടും രാത്രിയും നടത്തിയ ചോദ്യം ചെയ്യലിൽ കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. കൃത്യത്തിന് പിന്നിൽ ആര്, ഗൂഢാലോചന ഉണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ ആദ്യഘട്ടത്തിൽ ശേഖരിക്കുകയാണ് ലക്ഷ്യം. തുടർന്ന് വിവിധ ഇടങ്ങളിൽ തെളിവെടുപ്പ് നടത്തും. അതേസമയം, കേസുമായി ബന്ധപ്പെട്ട് ദില്ലിയിൽ കൂടുതൽ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് അന്വേഷണ സംഘം. ഷാറൂഖ് സെയ്ഫിയുടെ കേരളത്തിലേക്കുള്ള യാത്രയെ കുറിച്ച് അന്വേഷണ സംഘം വിശദാംശങ്ങൾ ശേഖരിച്ചു. ഇന്ന് കൂടുതൽ പരിശോധനകൾ നടക്കും.
0 Comments