കൊച്ചി : സംസ്ഥാന സര്‍ക്കാരിന്റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം.
ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വൈക്കത്തെ വേദിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേര്‍ന്ന് നിര്‍വഹിച്ചു. വൈകിട്ട് വൈക്കം തന്തൈ പെരിയാര്‍ സ്മാരകത്തിലെത്തി സ്മൃതി മണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ഇരുവരും ഉദ്ഘാടന വേദിയിലേക്കെത്തിയത്.
വൈക്കത്ത് നടന്നത് ഇന്ത്യക്ക് വഴികാട്ടിയ പോരാട്ടമാണെന്നും രാജ്യത്ത് പലയിടത്തും അയിത്തവിരുദ്ധ സമരത്തിന് പ്രചോദനമായത് വൈക്കം സത്യാഗ്രഹമാണെന്നും സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വൈക്കത്തേത് അയിത്തത്തിനെതിരായ രാജ്യത്തെ വലിയ സമരമായിരുന്നു.
വൈക്കം സത്യാഗ്രഹം തമിഴ്‌നാട്ടിലും മാറ്റമുണ്ടാക്കി. വൈക്കത്ത് എത്തണമെന്നുള്ളത് തന്റെ വലിയ ആഗ്രഹമായിരുന്നു. അതുകൊണ്ടാണ് തമിഴ്‌നാട്ടില്‍ മന്ത്രിസഭ ചേരുന്ന സമയമായിട്ടുപോലും എത്തിയെന്നും അദ്ദേഹം പറഞ്ഞു. ഉടല്‍ രണ്ടാണെങ്കിലും ചിന്ത കൊണ്ട് താനും പിണറായിയും ഒന്നാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിച്ച സംസ്ഥാന സര്‍ക്കാരിന് തമിഴ് ജനതയുടെ പേരില്‍ സ്റ്റാലിന്‍ നന്ദി അറിയിക്കുകയും ചെയ്തു.
സമാനതകളില്ലാത്ത സമരമാണ് വൈക്കം സത്യാഗ്രഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാമുദായിക-രാഷ്ട്രീയ നേതൃത്വത്തിലുണ്ടായ അപൂര്‍വ സമരമാണ് വൈക്കം സത്യാഗ്രഹം. ചാതുര്‍വര്‍ണ്യത്തിനെതിരെയുള്ള യുദ്ധകാഹളമാണ് വൈക്കത്ത് മുഴങ്ങിയതെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കുക എന്ന പാഠമാണ് വൈക്കം മുന്നോട്ട് വെച്ചത്. നവോത്ഥാന പോരാട്ടം ഒറ്റതിരിഞ്ഞ് നടത്തേണ്ടതല്ല.
വൈക്കത്തേത് വ്യക്തികേന്ദ്രീകൃത സമരം അല്ലായിരുന്നുവെന്നും രാഷ്ട്രീയ പിന്തുണയുള്ള സാമൂഹിക മുന്നേറ്റമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരങ്ങളില്‍ കേരളത്തിനും തമിഴ്‌നാടിനും ഒരേ പാരമ്പര്യമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി വൈക്കത്തെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് നന്ദി പറയുകയും ചെയ്തു.
0 تعليقات