banner

ഇന്തോനേഷ്യയിൽ വൻ ഭൂചലനം; റിക്ടർ സ്‌കെയിൽ 7.3 തീവ്രത രേഖപ്പെടുത്തി; പിന്നാലെ രാജ്യത്ത് സുനാമി മുന്നറിയിപ്പ്



ജക്കാർത്ത : ഇന്തോനേഷ്യയിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതിന് പിന്നാലെ അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

രാവിലെ 3 മണിയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. പടിഞ്ഞാറൻ ഇന്തോനേഷ്യയിലെ സുമാത്രയിലായിരുന്നു ഭൂചലനം ഉണ്ടായത്. 84 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് അധികൃതർ അറിയിച്ചു. ഇതിന് തുടർച്ചയായി റിക്ടർ സ്‌കെയിൽ 5 തീവ്രത രേഖപ്പെടുത്തിയ തുടർ ചലനങ്ങളും ഉണ്ടായി.
ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ രണ്ട് മണിക്കൂർ നേരത്തേക്ക് ആണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. തീരമേഖലകളിൽ താമസിക്കുന്നവരോട് അധികൃതരുടെ നിർദ്ദേശ പ്രകാരം മാറി താമസിക്കാൻ ഇന്തോനേഷ്യൻ ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

ഭൂചലനത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പല ഭാഗങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. ഭൂകമ്പ ബാധിത മേഖലകളിൽ നിന്നും അധികൃതർ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഇനിയും ഭൂചലനങ്ങൾ അനുഭവപ്പെടാമെന്നും, കടൽ ക്ഷോഭത്തിനും സാദ്ധ്യതയുണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ജാഗ്രത പാലിക്കാൻ ജനങ്ങളോട് നിർദ്ദേശിച്ചു. കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ പാടില്ലെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം ഭൂചലനത്തിന്റെ നടുക്കത്തിലാണ് ആളുകൾ. പ്രകമ്പനം അനുഭവപ്പെട്ടതോടെ പലരും വീട്ടിൽ നിന്നും തുറസ്സായ സ്ഥലങ്ങളിലേക്ക് ഇറങ്ങിയോടി. ആളുകളെ ശാന്തരാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Post a Comment

0 Comments