banner

തങ്കശ്ശേരി കളറായി!, ഉദ്ഘാടനം കഴിഞ്ഞതോടെ സന്ദർശകരെ കാത്ത് ബ്രേക്ക് വാട്ടർ ടൂറിസം പാർക്ക്



തങ്കശ്ശേരി ബ്രേക്ക് വാട്ടർ ടൂറിസം പാർക്കിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെ സന്ദർശകരുടെ വരവ് പ്രതീക്ഷിക്കുകയാണ് അധികൃതർ. 2021 മുതൽ ആദ്യ ഉദ്ഘാടനം കഴിഞ്ഞെങ്കിലും അധികാരം സംബന്ധിച്ച് തർക്കം നിലനിന്നതോടെ പ്രവർത്തനം തുടങ്ങാൻ കഴിയാതാവുകയായിരുന്നു. ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള രണ്ടരയേക്കർ ഭൂമിയിൽ ഒരുക്കിയിരിക്കുന്ന തങ്കശ്ശേരി ബ്രേക്ക് വാട്ടർ ടൂറിസം പാർക്കിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഒടുവിൽ 5.5 കോടി രൂപ മുതൽ മുടക്കിലാണ് പൂർത്തീകരിച്ചത്. കഴിഞ്ഞ ദിവസം എം. മുകേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. എം. മുകേഷ് എം.എൽ.എ യുടെ അഭിമാന പദ്ധതികളിലൊന്നായാണ് ബ്രേക്ക് വാട്ടർ ടൂറിസം പാർക്കിനെയും വിലയിരിത്തുന്നത്.

ശാന്തമായ കടലും തിരയടിക്കുന്ന കടലും പുലിമുട്ടിൻ്റെ അപ്പുറവും ഇപ്പുറവും ആയി കിടക്കുകയാണ് ഇതിന് അഭിമുഖമായാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. നാനൂറോളം പേർക്ക് ഇരിക്കാൻ കഴിയുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം, കടൽ ഭംഗി ആസ്വദിക്കാനുള്ള വ്യൂ ടവർ, കടലിന് അഭിമുഖമായുള്ള ഇരിപ്പിടങ്ങൾ, സൈക്കിൾ ട്രാക്ക്, കിയോസ്കുകൾ, കുട്ടികൾക്കുള്ള കളിസ്ഥലം, ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്. ഭംഗി ആസ്വദിക്കാനെത്തുന്നവർക്ക് ഉദ്ഘാടന മാസമായ ഈ മാസം സൗജന്യമായിരിക്കും പ്രവേശനം. എന്നാൽ അടുത്ത മാസം മുതൽ ആൾ ഒന്നിന് പത്ത് രൂപ വീതം ആകും പ്രവേശന ഫീസ്. ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെയാണ് പ്രവേശന സമയമായി നിശ്ചയിച്ചിരിക്കുന്നത്. വാട്ടർ സ്പോർട്സ് പോലെയുള്ള പാർക്കിനുള്ളിലെ മറ്റു പ്രത്യേക സംവിധാനങ്ങളുടെ നിരക്ക് പിന്നീട് നിശ്ചയിക്കുകയുള്ളെന്ന് അധികൃതർ വ്യക്തമാക്കി.

Post a Comment

0 Comments