banner

ഐസ്‌ക്രീം കഴിച്ച് 12കാരൻ മരിച്ച സംഭവം കൊലപാതകം; പിതൃസഹോദരി അറസ്റ്റിൽ

കൊയിലാണ്ടി : കോഴിക്കോട് അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ച് കുട്ടി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമദ് ഹസൻ റിഫായി(12)യാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. സംഭവത്തിൽ അഹമ്മദിന്റെ പിതൃ സഹോദരി താഹിറയെ(34) പോലീസ് അറസ്റ്റ് ചെയ്തു. ഐസ്‌ക്രീം ഫാമിലി പാക്കിൽ വിഷം കലർത്തി കുട്ടിയുടെ വീട്ടിൽ കൊടുക്കുകയായിരുന്നു. അഹമ്മദിന്റെ ഉമ്മയും രണ്ട് മക്കളും സംഭവസമയം വീട്ടിൽ ഇല്ലാതിരുന്നതിനാൽ ഇവർ രക്ഷപെടുകയായിരുന്നു.

സംഭവം കൊലപാതകമാണെന്ന ആരോപണം തുടക്കം മുതൽ തന്നെ ഉയർന്നിരുന്നു. തുടർന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയത്. ഞായറാഴ്ചയാണ് കുട്ടി ഐസ്‌ക്രീം കഴിച്ചത്. പിന്നാലെ ഛർ്ദ്ദിച്ച് അവശനിലയിലായ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാൽ തൊട്ടടുത്ത ദിവസം മരണം സംഭവിക്കുകയായിരുന്നു.

ആരോഗ്യ വകുപ്പും, ഭക്ഷ്യസുരക്ഷാ വകുപ്പും, പോലീസ് ഫോറൻസിക് വിഭാഗങ്ങളും ഐസ്‌ക്രീമിന്റെ സാമ്പിൾ പരിശോധനക്കായി ശേഖരിച്ചിരുന്നു. അരിക്കുളത്തെ സൂപ്പർമാർക്കറ്റിൽ നിന്നാണ് കുട്ടി കഴിച്ച ഐസ്‌ക്രീം വാങ്ങിയത്. കുട്ടിയുടെ മരണത്തിന് പിന്നാലെ കട അടച്ച് പൂട്ടുകയും ചെയ്തു. പോസ്റ്റ്‌മോർട്ടത്തിൽ കുട്ടിയുടെ ശരീരത്തിൽ അമോണിയം ഫോസ്ഫറസിന്റെ അംശം കണ്ടെത്തിയിരുന്നു. തുടർന്നാണ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്.

Post a Comment

0 Comments