പെട്രോൾ പമ്പ് മാനേജരുടെ പക്കൽ നിന്നും പണം കവർന്ന ശേഷം പ്രതികൾ നേരെ തൃശ്ശൂരിലേക്കാണ് കടന്നു കളഞ്ഞത്. രക്ഷപ്പെട്ടത് കാറിലാണെന്ന് ആയിരുന്നു പ്രതികളുടെ വെളിപ്പെടുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കാറിനായി അന്വേഷണം ആരംഭിച്ചത്. പെട്രോൾ പമ്പിൽ നിന്നും മീശ വിനീതും സുഹൃത്തും വേഗം ഇരുചക്ര വാഹനത്തിൽ കയറി രക്ഷപ്പെട്ടു. പകുതിയെത്തിയപ്പോൾ ഈ വാഹനം ഉപേക്ഷിച്ച് അവർ ഓട്ടോയിൽ കയറി. പിന്നീട് പോങ്ങനാട് എത്തിയപ്പോഴായിരുന്നു സുഹൃത്തിന്റെ കാറിൽ ഇവർ തൃശ്ശൂരിലേക്ക് കടന്നത്. പിന്നീട് ഇതേ കാറിലാണ് മീശ വിനീത് തിരികെ കിളിമാനൂരിൽ എത്തിയത്. നിലവിൽ മീശ വിനീതും ഇയാളുടെ സുഹൃത്ത് ജിത്തുവും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
രണ്ടര ലക്ഷം രൂപയാണ് വിനീത് പെട്രോൾ പമ്പ് മാനേജരുടെ പക്കൽ നിന്നും തട്ടിയെടുത്തത്. കണിയാപുരത്തുവച്ചായിരുന്നു സംഭവം. ഉച്ചവരെ ലഭിച്ച കളക്ഷൻ തുക സമീപത്തെ ബാങ്കിലടയ്ക്കാനായി നടന്ന് പോകുകയായിരുന്നു മാനേജർ. ഇതിനിടെ ബാങ്കിന് മുൻപിൽ നിന്ന വിനീതും സുഹൃത്തും പണവുമായി കടന്ന് കളയുകയായിരുന്നു.
ബലാത്സംഗം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മീശ വിനീത്. ബലാത്സംഗ കേസിൽ അറസ്റ്റിലായ ഇയാൾ അടുത്തിടെയാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ഇതിന് ശേഷം പ്രദേശത്ത് നിരവധി കവർച്ച നടത്തിയിരുന്നു.
0 Comments