banner

കാണാതായ അരിക്കൊമ്പനെ ഒടുവിൽ കണ്ടെത്തി!, മാറി നിന്നത് ചക്കക്കൊമ്പൻ കാരണം; ദൗത്യം നാളെ പുനരാരംഭിക്കും



ഇടുക്കി : തിരച്ചിലുകള്‍ക്കൊടുവില്‍ അരിക്കൊമ്പനെ കണ്ടെത്തി. ശങ്കരപാണ്ഡ്യമേട്ടില്‍ നിന്നും ഗോവിന്ദന്‍ എസ്‌റ്റേറ്റിലേക്ക് പോകുന്ന വഴിയിലാണ് ആനയെ കണ്ടെത്തിയത്. കാട്ടാനക്കൂട്ടം വിട്ട് അരിക്കൊമ്പന്‍ നീങ്ങാന്‍ കാരണം ചക്കക്കൊമ്പനാണെന്ന് വനംവകുപ്പ് അറിയിച്ചു. ചക്കക്കൊമ്പന് മദപ്പാട് കാലം തുടങ്ങിയിട്ടുണ്ട്. മദപ്പാടുള്ള ആന കൂട്ടത്തിലെത്തിയാല്‍ കൊമ്പന്‍ കൂട്ടം വിടുന്നതാണ് പതിവ്. ഇതിനാലാണ് അരിക്കൊമ്പന്‍ കൂട്ടം വിട്ടത്.

അതേസമയം അരിക്കൊമ്പന്‍ ദൗത്യം നാളെയും തുടരുമെന്ന് മൂന്നാര്‍ ഡിഎഫ്ഒ. രാവിലെ എട്ട് മണിക്ക് തന്നെ ദൗത്യം ആരംഭിക്കും. ട്രാക്കിങ് ടീം പുലര്‍ച്ചെ മുതല്‍ തന്നെ അരിക്കൊമ്പനെ നിരീക്ഷിക്കും. നാളെയും നടന്നില്ലെങ്കില്‍ മറ്റന്നാളും ശ്രമം നടത്തും. ആനയെ കണ്ടെത്താത്തതിനാലാണ് ഇന്ന് ദൗത്യം നിര്‍ത്തി വെച്ചതെന്നും ഡിഎഫ്ഒ അറിയിച്ചു.

ഇന്ന് രാവിലെ നാല് മണിക്ക് ആരംഭിച്ച അരിക്കൊമ്പന്‍ ദൗത്യമാണ് നിര്‍ത്തിവെച്ചത്. ജിപിഎസ് കോളര്‍ ബേസ് ക്യാമ്പില്‍ തിരിച്ചെത്തിച്ചിരുന്നു. മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയിട്ടും അരിക്കൊമ്പനെ കണ്ടെത്താനായിരുന്നില്ല. ചിന്നക്കനാലിലെ സിമന്റ് പാലത്തിന് സമീപം ആനക്കൂട്ടത്തെ കണ്ടിരുന്നെങ്കിലും അക്കൂട്ടത്തില്‍ അരിക്കൊമ്പനില്ല എന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ദൗത്യം നിര്‍ത്തിവെച്ചത്. അരിക്കൊമ്പന് പകരം ദൗത്യ സംഘം കണ്ടത് ചക്ക കൊമ്പനെയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. രാവിലെ വേട്ടുവാഞ്ചേരിയില്‍ ഒരു തവണ മാത്രമാണ് അരിക്കൊമ്പനെ ദൗത്യസംഘം കണ്ടത്. പിന്നീട് കാണാതാവുകയായിരുന്നു. അരിക്കൊമ്പനെ പിടിക്കുന്നതിനായി പടക്കം പൊട്ടിച്ച് ആനകളെ ഒറ്റപ്പെടുത്താനുളള ശ്രമവും വിജയിച്ചിരുന്നില്ല. ഇതിന് ശേഷമാണ് കൊമ്പനെ കാണാതായത്.

Post a Comment

0 Comments