എലത്തൂരിൽ ട്രെയിനില്‍ തീ വെച്ച സംഭവത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ. നോയിഡ സ്വദേശി ഷഹറൂഖ് ഫൈസിയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇയാൾ കോഴിക്കോട്ടെ കെട്ടിട നിര്‍മാണ തൊഴിലാളിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന. നേരത്തെ പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. ഞായറാഴ്ച രാത്രി ഒന്‍പത് മണിക്കാണ് ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടീവില്‍ ആക്രമണം നടന്നത്.
അതേസമയം കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത് കുമാര്‍ മേൽനോട്ടം നല്‍കുന്ന അന്വേഷണ സംഘത്തില്‍ അഞ്ച് എ.സി.പിമാരും എട്ട് സിഐമാരുമടക്കം 18 അംഗങ്ങളുണ്ട്. മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി പി വിക്രമനാണ് സംഘത്തിന് നേതൃത്വം നൽകുക. രേഖാചിത്രം കണ്ട് തിരിച്ചറിഞ്ഞാൽ ഉടൻ 112ൽ ബന്ധപ്പെടാനാണ് പൊലീസ് നിർദ്ദേശം.
നേരത്തെ പൊലീസ് പുറത്തു വിട്ട സിസിടിവി ദൃശ്യങ്ങള്‍ അക്രമിയടേതല്ലെന്ന് വ്യക്തമായിരുന്നു. ദൃശ്യങ്ങള്‍ ഏതോ നാട്ടുകാരന്റേതാണെന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്. നാട്ടുകാരനായ വ്യക്തിയാണ് ഇരുചക്രവാഹനം വിളിച്ചുവരുത്തി പോയതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരിക്കുന്നത്. നിലവില്‍ പ്രതിയുടെ രേഖാചിത്രം മാത്രമാണ് അന്വേഷണത്തിന് സഹായകമായിട്ടുള്ളത്. ട്രെയിനില്‍ തീവെച്ച ശേഷം അക്രമി റെയില്‍വേ ട്രാക്കിന് സൈഡിലൂടെ ഇറങ്ങി ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്.ഇയാള്‍ കൈ കാണിച്ചിട്ടല്ല ബൈക്ക് നിര്‍ത്തിയത് എന്നതിനാലാണ്ആക്രമണം ആസൂത്രിതമാണോയെന്ന സംശയം ജനിപ്പിച്ചത്. എന്നാല്‍ സിസി ടിവി ദൃശ്യങ്ങളിലുള്ള ആള്‍ പ്രതിയല്ലെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.
അക്രമിയുടേതെന്ന് കരുതുന്ന ബാഗില്‍ നിന്ന് ലഭിച്ച വസ്തുക്കള്‍ ഫോറന്‍സിക് സംഘം വിശദമായി പരിശോധിക്കുകയാണ്. പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗ് ട്രാക്കില്‍ നിന്നുമാണ് കണ്ടെത്തിയത്. ട്രാക്കില്‍ മൃതദേഹം കണ്ടെടുത്തതിന് സമീപത്തു നിന്നാണ് ബാഗ് കിട്ടിയത്. ട്രാക്കില്‍നിന്ന് കണ്ടെടുത്ത അക്രമിയുടേതെന്ന് സംശയിക്കുന്ന ബുക്കില്‍ ഇംഗ്ലിഷിലും ഹിന്ദിയിലുമുള്ള കുറിപ്പുകളാണുള്ളതെന്നും അന്വേഷണ സംഘം പറഞ്ഞു. ഈ ബുക്കില്‍ തിരുവനന്തപുരം കഴക്കൂട്ടം, ചിറയിന്‍കീഴ്, കോവളം, കുളച്ചല്‍, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് കുറിച്ചിരിക്കുന്നത്. കാര്‍പ്പന്റര്‍ എന്ന വാക്കും കുറിപ്പിലുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
അതേസമയം കേരളത്തിലെ നാലു സ്ഥലങ്ങളുടെയും തമിഴ്‌നാട്ടിലെ രണ്ടു സ്ഥലങ്ങളുടെയും പേരുകള്‍ കൂടാതെ ഡല്‍ഹി, നോയ്ഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവുമുണ്ട്. ഇതില്‍ കേരളത്തില്‍ നിന്നുള്ള നാലു പേരുകളും തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ടുപേരുകളും വലിയ ദുരൂഹതയാണ് ഉയര്‍ത്തുന്നത്. തിരുവനന്തപുരം കഴക്കൂട്ടം, ചിറയിന്‍കീഴ്, കോവളം എന്നഐ സ്ഥലങ്ങളാണ് കേരളത്തിലേതായിട്ടുള്ളത്. ഈ നാലു സ്ഥലവും തിരുവനന്തപുരം ജില്ലയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നതും. അതുപോലെ തമിഴ്‌നാട്ടില്‍ നിന്നുള്ള കുളച്ചല്‍, കന്യാകുമാരി എന്നീ സ്ഥലങ്ങളും ഡയറിയില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഈ ആറു സ്ഥലങ്ങളുടെയും പൊതുവായ പ്രത്യേകതയെന്തെന്നാല്‍ ഇവ കടലിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണെന്നുള്ളതാണ്. ഈ രീതിയിലാണ് അന്വേഷണ സംഘം ഇക്കാര്യത്തെ വിലയിരുത്തുന്നതെന്നാണ് സൂചനകള്‍. അക്രമി ഈ പേരുകള്‍ എന്ത് ഉദ്ദേശ്യത്തിലാണ് ഡയറിയില്‍ എഴുതിയതെന്ന് വ്യക്തമല്ല. ഇതുവരെ ട്രയിന്‍ ആക്രമിച്ച അക്രമിയുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. അക്രമിയെ പിടികൂടിയാല്‍ മത്രമേ ഡയറിയിലെഴുതിയിരുന്ന സ്ഥലപ്പേരുകളെ സംബന്ധിച്ച് വ്യക്തതയുണ്ടാകുകയുള്ളു എന്നാണ് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നതും. ബാഗില്‍ നിന്ന് ഒരു കുപ്പി പെട്രോള്‍, മൊബൈല്‍ ഫോണ്‍, കണ്ണട, പഴ്സ്, ബ്രൗണ്‍ നിറമുള്ള ടീഷര്‍ട്ട്, ട്രാക്ക് പാന്റ്, ഓവര്‍കോട്ട്, ഭക്ഷണമടങ്ങിയ ചോറ്റുപാത്രം, ലഘുഭക്ഷണ പാക്കറ്റ്, മിഠായി, പേന, ആണികള്‍ തുടങ്ങിയവയാണ് കണ്ടെടുത്തിട്ടുള്ളത്.
അതേസമയം പൊലീസിന് ലഭിച്ച ലഘുലേഖകളിലും വിശദമായ പരിശോധന നടക്കുകയാണ്. തീവ്രവാദ, മാവോയിസ്റ്റ് ബന്ധം അക്രമത്തിനുണ്ടോയെന്നും അന്വേഷണ ഏജന്‍സികള്‍ ഗൗരവമായി പരിശോധിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം കേന്ദ്രസര്‍ക്കാരും ഗൗരവമായാണ് എടുത്തിട്ടുള്ളത്. സംഭവം എഎന്‍ഐ അടക്കമുള്ള ഏജന്‍സികളും സംഭവം അന്വേഷിച്ചേക്കും. അക്രമത്തില്‍ തുടര്‍ന്ന് മൂന്നു പേരാണ് മരിച്ചത്. കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്റിയ മന്‍സിലില്‍ റഹ്‌മത്ത് (45), റഹ്‌മത്തിന്റെ സഹോദരിയുടെ മകള്‍ സഹറ, നൗഫിക് എന്നിവരാണ് മരിച്ചത്.
കോരപ്പുഴ പാലത്തിനും എലത്തൂര്‍ സ്റ്റേഷനും ഇടയിലുള്ള ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രെയിനില്‍ തീ വെച്ചപ്പോള്‍ പരിഭ്രാന്തരായി ഇവര്‍ താഴേക്ക് ചാടിയതാണെന്നാണ് സംശയിക്കുന്നത്. ആക്രമണത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ടുപേര്‍ ചികിത്സയിലാണ്. അഞ്ചുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അക്രമിയുടെ കാലിനും പൊള്ളലേറ്റതായി ദൃക്സാക്ഷി പറഞ്ഞു. തീയിട്ടശേഷം ചങ്ങലെ വലിച്ച് ട്രെയിന്‍ നിര്‍ത്തി അക്രമി ഇറങ്ങി ഓടുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച മൊഴി.
ഞായറാഴ്ച രാത്രി ഡി1 കോച്ചിലെ യാത്രക്കാര്‍ക്ക് നേരെ അക്രമി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. മറ്റൊരു കോച്ചില്‍ നിന്നാണ് ഇയാള്‍ ഡി1ലെത്തിയതെന്നാണ് യാത്രക്കാര്‍ പറയുന്നത്. ട്രെയിന്‍ കോരപ്പുഴ എത്തിയപ്പോഴാണ് ചുവന്ന കള്ളി ഷര്‍ട്ട് ധരിച്ച യുവാവ് ഡി വണ്‍ കോച്ചിലേക്ക് കയറിയതെന്നാണ് വിവരം. ട്രയിന്‍ കോരപ്പുഴ പാലം കടക്കുന്നതിനിടെയായിരുന്നു ഇയാള്‍ ആക്രമണം നടത്തിയത്. രണ്ട് കുപ്പി പെട്രോള്‍ ഇയാളുടെ കയ്യിലുണ്ടായിരുന്നുവെന്നും ഇതില്‍ ഒരു കുപ്പി തുറന്ന് വീശിയൊഴിക്കുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ സമീപത്തുണ്ടായിരുന്നവരുടെ ദേഹത്ത് ഇന്ധനം പടര്‍ന്നു. എന്താണ് സംഭവിക്കുന്നതെന്ന് യാത്രക്കാര്‍ മനസ്സിലാകും മുന്‍പ് ഇയാള്‍ തീ കൊളുത്തുകയായിരുന്നു. തീ ആളിപ്പടര്‍ന്ന സമയത്ത് അക്രമിയുടെ കാലിനും പൊള്ളലേറ്റിരിന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
0 Comments