banner

സംസ്ഥാനത്ത് ഇന്ന് യുഡിഎഫ് കരിദിനം ആചരിക്കും; പന്തം കൊളുത്തി പ്രതിഷേധിക്കാനും ആഹ്വാനം

തിരുവനന്തപുരം : കേരളത്തിൽ യുഡിഎഫ് ഇന്ന് കരിദിനം ആചരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നികുതികള്‍ ഇന്ന് പ്രാബല്ല്യത്തിൽ വരുന്ന സാഹചര്യത്തിലാണ് കരിദിനം ആചരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നഗരങ്ങളിലും യുഡിഎഫ് പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിക്കുമെന്നും കരിങ്കൊടി ഉയര്‍ത്തിയും പന്തം കൊളുത്തിയും പ്രതിഷേധം അറിയിക്കുമെന്നും ഹസന്‍ അറിയിച്ചു.

തിരുവനന്തപുരത്ത് രാവിലെ 11ന് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 'വീട്ടുകരം, ഇന്ധനവില, വെള്ളക്കരം, വൈദ്യുതി ചാര്‍ജ് എന്നിവ യാതൊരു നിയന്ത്രണവുമില്ലാതെ അശാസ്ത്രീയമായി വര്‍ധിപ്പിച്ച് ജനങ്ങള്‍ക്ക് എല്ലാ മേഖലകളിലും ദുര്‍ദിനമാണ് സമ്മാനിക്കുന്നത്. യുഡിഎഫ് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കും. ഇന്ധനവില വര്‍ധനവ് സമസ്മത മേഖലയിലും വില വര്‍ധനവിന് വഴിവെയ്ക്കും', ഹസന്‍ വിമര്‍ശിച്ചു. വേനല്‍ക്കാലത്ത് വെള്ളത്തിന് പോലും നികുതി ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ജനങ്ങളുടെ വെള്ളം കുടി മുട്ടിച്ചിരിക്കുകയാണെന്നും എംഎം ഹസന്‍ കുറ്റപ്പെടുത്തി.

സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും തലയില്‍ അധിക ഭാരം അടിച്ചേല്‍പ്പിച്ചുള്ള നികുതി കൊള്ളയ്‌ക്കെതിരെയാണ് യുഡിഎഫ് പ്രക്ഷോഭം ശക്തമാക്കുന്നതെന്ന് ഹസന്‍ പ്രതികരിച്ചു. ആറ് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ നികുതി കൊള്ളയാണ് ഈ ബജറ്റിലുണ്ടായിരിക്കുന്നതെന്നും വിമര്‍ശനമുണ്ട്. പ്രതിഷേധം വിജയിപ്പിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments