തിരുവനന്തപുരത്ത് നിന്ന് പരീക്ഷണയോട്ടത്തിൻ്റെ ഭാഗമായി കൊല്ലം വഴി കടന്നു പോകുന്ന വന്ദേ ഭാരത് എക്സ്പ്രെസ് പനയത്ത് നിർത്തുമെന്ന് സൂചന. ബി.ജെ.പി പ്രവർത്തകരാണ് ഇത് സംബന്ധിച്ച പോസ്റ്ററുകൾ പുറത്തുവിട്ടത്. വൈകിട്ട് നാല് മണിയോടെയാകും
വന്ദേ ഭാരത് എക്സ്പ്രെസ് എത്തുകയെന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നു. പനയം റെയിൽവേ സ്റ്റേഷൻ വഴി കടന്നു പോകുന്നതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ചാത്തനാംകുളത്ത് നിർത്തുമെന്നും സൂചന പടർന്നിരുന്നു.
അതേ സമയം കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേയ്ക്ക് കൈമാറി. ചെന്നൈ വില്ലിവാക്കത്ത് നിന്ന്, തിരുവനന്തപുരത്ത് നിന്നുള്ള റെയിൽവേ അധികൃതർ ട്രെയിൻ എറ്റെടുത്തു. ട്രാക്ക് ക്ലിയറൻസ് കിട്ടുന്നതിന് അനുസരിച്ച് എഗ്മോർ നാഗർകോവിൽ വഴി കേരളത്തിലേക്ക് കൊണ്ടുവരും. ഇന്ന് രാത്രിയോടെ തിരുവനന്തപുരത്തേക്ക് വന്ദേ ഭാരത് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു.
16 കാറുകളുള്ള രണ്ട് റേക്കുകളാണ് കേരളത്തിന് കൈമാറിയത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പരീക്ഷണയോട്ടം നടത്തും. ഈ മാസം 22ന് പരീക്ഷണയോട്ടം നടത്താനാണ് സാധ്യത.തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ ,തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ ലഭിക്കുന്ന വിവരം. എന്നാൽ സമയക്രമവും സ്റ്റോപ്പുകളും റയിൽവേ മന്ത്രാലയം അന്തിമമായി നോട്ടിഫൈ ചെയ്യും.
0 Comments