banner

'വിപ്ലവ വീര്യം പ്രസംഗത്തിൽ മാത്രമോ'; സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിന് പോലീസ് കാവൽ; സൗജന്യ സേവനത്തിന് സർക്കാർ ഖജനാവിൽ നിന്ന് മുടക്കുന്നത് ലക്ഷങ്ങൾ



തിരുവനന്തപുരം : അഞ്ചക്കം ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരാണ് സമര പോരാട്ടങ്ങളുടെ പിൻബലത്തിലൂടെ ഉയർത്തിക്കൊണ്ടു വന്ന സി.പി.എം പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് കാവൽ നില്ക്കുന്നത്. എകെജി സെന്ററിൽ പകലും രാത്രിയുമായി കാവൽ നിൽക്കുന്നത് 6 പോലീസുകാരാണ്. എന്നാൽ വിവരാവകാശ നിയമപ്രകാരം ടേൺ അടിസ്ഥാനത്തിൽ ഒരാളെ മാത്രമാണ് ഇവിടെ ഡ്യൂട്ടിക്കു നിയോഗിച്ചിരിക്കുന്നത് എന്നിരിക്കെയാണ് ഈ അധികാര ദുർവിനിയോഗം. എകെജി സെന്ററിന്റെ പടിക്കൽ രണ്ടു പൊലീസുകാരും 30 മീറ്റർ അകലെ മറ്റൊരു പൊലീസുകാരനും കാവലിനുണ്ട്. പകലും രാത്രിയുമായി ഫലത്തിൽ അങ്ങനെ 6 പേരുടെ കാവലിലാണ് സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസും നേതാക്കളും.

സ്വകാര്യ സുരക്ഷയ്ക്കു പൊലീസിനെ വേണമെങ്കിൽ ശമ്പളം ഉൾപ്പെടെയുള്ള ചെലവു മുൻകൂട്ടി കെട്ടിവയ്ക്കണം എന്നുള്ളപ്പോഴാണു മാസം അരലക്ഷം രൂപയിലധികം ശമ്പളം പറ്റുന്ന ആറു പൊലീസുകാരുടെ സൗജന്യ സേവനം. സുരക്ഷ സിപിഎം രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ലെന്നു പറയുന്ന പൊലീസ് പക്ഷേ, എന്തടിസ്ഥാനത്തിലാണു സൗജന്യ സേവനമെന്ന ചോദ്യത്തിനു മറുപടി നൽകിയില്ല. ഇക്കാര്യം ആർടിഐയുടെ പരിധിയിൽ വരുന്നില്ലെന്നാണു വിശദീകരണം. പാർട്ടി ഓഫിസിനു പടക്കമെറിഞ്ഞ കേസിൽ 10 മാസമായിട്ടും കുറ്റപത്രം നൽകാനായിട്ടുമില്ല.

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസിലെ എസ്എഫ്ഐ അക്രമത്തെത്തുടർന്നു കഴിഞ്ഞ ജൂണിൽ ഏഴു പൊലീസുകാരുടെ സുരക്ഷ എകെജി സെന്ററിനു നൽകിയിരുന്നു. ഇവർ കാവൽ നിൽക്കുമ്പോഴാണു ജൂൺ 30നു രാത്രി മതിലിൽ പടക്കമെറിഞ്ഞത്. പിറ്റേന്നു മുതൽ സ്ഥിരം കാവൽ തുടങ്ങി. രണ്ടരമാസത്തോളം ഇരുട്ടിൽത്തപ്പിയ ശേഷം രണ്ടു യൂത്ത് കോൺഗ്രസുകാരെ അറസ്റ്റ് ചെയ്തു. ഗൂഢാലോചനയിൽ പങ്കെടുത്ത മൂന്നാമൻ ഗൾഫിലേക്കു കടന്നെന്നും ഇയാളെക്കൂടി അറസ്റ്റ് ചെയ്തെങ്കിൽ മാത്രമേ കുറ്റപത്രം കൊടുക്കാനാകൂവെന്നുമുള്ള വാദമാണു കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റേത്.

എത്ര പൊലീസുകാർ കാവൽ നിൽക്കുന്നു, എന്തടിസ്ഥാനത്തിൽ, ഇവരുടെ ശമ്പളം നൽകുന്നതാര് എന്നീ ചോദ്യങ്ങൾ വിവരാവകാശ നിയമപ്രകാരം പൊലീസ് ആസ്ഥാനത്ത് ഉന്നയിച്ചെങ്കിലു കാര്യങ്ങളറിയുക സിറ്റി പൊലീസ് കമ്മിഷണർക്കാണെന്നു പറഞ്ഞൊഴിഞ്ഞു. കമ്മിഷണറുടെ ഓഫിസാകട്ടെ അപേക്ഷ കന്റോൺമെന്റ് സ്റ്റേഷനിലേക്കു തട്ടി. മുകളിൽനിന്നുള്ള നിർദേശപ്രകാരം ഒരാളെ മാത്രമാണു ഡ്യൂട്ടിക്കു നിയോഗിച്ചിരിക്കുന്നതെന്നു കന്റോൺമെന്റ് സ്റ്റേഷനിൽനിന്നുള്ള മറുപടി. മറ്റു രണ്ടുപേർ കമ്മിഷണർക്കു കീഴിലുള്ള എആർ ക്യാംപിൽ നിന്നുള്ളവരാണെന്നാണു വിവരം. ഇവരുടെയെല്ലാം ശമ്പളം നൽകുന്നതു കമ്മിഷണർ ഓഫിസിൽ നിന്നായിരിക്കെയാണ് ഇക്കാര്യത്തിൽ പൊലീസ് ആസ്ഥാനത്തും കമ്മിഷണർ ഓഫിസിലും ഒളിച്ചുകളിച്ചത്. പാർട്ടി ഓഫിസുകൾക്കു കാവലിനു പൊലീസുകാരെ നൽകുമ്പോഴുള്ള വ്യവസ്ഥ എന്തെന്ന ചോദ്യത്തിനു ‘വിവരം ലഭ്യമല്ല’ എന്നാണു മറുപടി. കാവൽ എത്രകാലത്തേക്ക് എന്നതിനും നിശ്ചയമില്ല.

എകെജി സെന്റർ ആക്രമണത്തിനു പിന്നാലെ പ്രധാനപ്പെട്ട പാർട്ടികളുടെയെല്ലാം ഓഫിസിനു പൊലീസ് കാവലേർപ്പെടുത്തിയിരുന്നെങ്കിലും എകെജി സെന്റർ ഒഴിച്ചുള്ളവ ഒറ്റ ദിവസംകൊണ്ടു പിൻവലിച്ചു. ഇതിന് ഒരാഴ്ച മുൻപു കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനു നേർക്ക് ആക്രമണമുണ്ടായപ്പോൾ ഒരു ദിവസം പോലും പൊലീസ് സുരക്ഷ നൽകിയുമില്ല.

Post a Comment

0 Comments