banner

ആഭ്യന്തരമന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ലേഖനമെഴുതി; സിപിഎം രാജ്യസഭ എംപി ജോണ്‍ ബ്രിട്ടാസിന് നോട്ടീസ്; നടപടിയെടുത്തത് രാജ്യസഭ ചെയര്‍മാൻ



ന്യൂഡല്‍ഹി : ആഭ്യന്തരമന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ലേഖനമെഴുതിയെന്ന സംഭവത്തില്‍ സിപിഎം രാജ്യസഭ എംപി ജോണ്‍ ബ്രിട്ടാസിന് നോട്ടീസ് നല്‍കി രാജ്യസഭ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധന്‍കര്‍. ഇന്‍ഡ്യന്‍ എക്‌സ്പ്രസില്‍ അമിത് ഷായെ വിമര്‍ശിച്ച് ബ്രിട്ടാസ് എഴുതിയ ലേഖനം രാജ്യദ്രോഹമാണെന്ന പരാതിയിലാണ് നടപടി.

കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവ് പി സുധീര്‍ നല്‍കിയ പരാതിയിലാണ് ജോണ്‍ ബ്രിട്ടാസിന് കാരണം കാണിക്കല്‍ നോടിസ് നല്‍കിയത്. രാജ്യസഭ ചെയര്‍മാന് നല്‍കിയ പരാതിയുടെ സ്വഭാവം തന്നെ അപലപിക്കപ്പെടേണ്ടതാണെന്ന് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു.

രാജ്യസഭ ചെയര്‍മാന്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. മൗലികാവകാശങ്ങളെ കുറിച്ച് നല്ല ബോധ്യമുള്ള നമ്മുടെ ചെയര്‍മാന്‍ എന്റെ അവകാശങ്ങളും സംരക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബ്രിട്ടാസ് പറഞ്ഞു. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിങ്ങളുടെ അടുത്തുള്ള പ്രദേശം കേരളമാണെന്നും അതിനാല്‍ ബിജെപി വോട് ചെയ്താല്‍ മാത്രമേ രക്ഷയുള്ളുവെന്നും അമിത് ഷാ പറഞ്ഞിരുന്നു.

ഇതിനെതിരായിട്ടായിരുന്നു ബ്രിട്ടാസിന്റെ ലേഖനം. ഇതാദ്യമായല്ല അമിത് ഷാ കേരളത്തെ അപമാനിക്കുന്നതെന്നും ഭൂരിപക്ഷ രാഷ്ട്രീയത്തോട് സംസ്ഥാനം ചേര്‍ന്നു നില്‍ക്കാത്തതിനാലാണ് വിമര്‍ശനമെന്നും ബ്രിട്ടാസ് പറഞ്ഞിരുന്നു. ഇന്‍ഡ്യയെ ഹിന്ദുരാഷ്ട്രമാക്കാനും ഭരണഘടനക്ക് പകരം മനുസ്മൃതി കൊണ്ടുവരാനുമാണ് അമിത് ഷായുടെ ശ്രമമെന്നും ലേഖനത്തില്‍ ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചിരുന്നു.

Post a Comment

0 Comments