കൊല്ലം : പൂയപ്പള്ളിയിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി നെല്ലിപറമ്പ് അജിഭവനിൽ ഗോപാലകൃഷ്ണപിള്ള യുടെ മകൻ അജികുമാർ (37) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം അജിയെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ വൈകിട്ടോടെ ജാമ്യത്തിലിറങ്ങി. ഭാര്യയുടെയും സുഹൃത്തുക്കളുടെയും ശാരീരികവും മാനസികവുമായ പീഡനത്തെത്തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു.
കൊട്ടാരക്കരയിൽ ഭാര്യയെ കാണാനെത്തിയ അജിയെ കൊട്ടാരക്കര നഗരസഭാ മുൻ ചെയർമാനുൾപ്പെടുന്ന സംഘമാണ് മർദ്ദിച്ച് പോലീസ് സ്റ്റേഷനിലെത്തിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. ഭാര്യയെ കാണാൻ കൊട്ടാരക്കരയിൽ പോയപ്പോഴുണ്ടായ ക്രൂരമായ അനുഭവങ്ങൾ മാതാപിതാക്കളോടും സഹോദരനോടും കഴിഞ്ഞ ദിവസം രാത്രി അജി പങ്കുവെച്ചിരുന്നു. പുലർച്ചെയാണ് അജി മുറിയിൽ കയറി വാതിലടച്ചത്.
തുടർന്ന് രാവിലെ അച്ഛൻ വിളിച്ചിട്ടും ഉണരാത്തതിനെത്തുടർന്ന് കിടപ്പുമുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ അജിയെ കണ്ടെത്തിയത്. പൂയപ്പള്ളി പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. റബ്ബർ ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ച അജികുമാർ. രണ്ട് മക്കളുണ്ട്.
0 Comments