banner

അഞ്ച് തവണ വോട്ടെണ്ണല്‍!, അഞ്ചാം തവണ എണ്ണിയപ്പോള്‍ 16 വോട്ടിന് ബിജെപി സ്ഥാനാർത്ഥിക്ക് നാടകീയ ജയം



ബെംഗളുരു : അഞ്ച് തവണ വോട്ടെണ്ണിയ ബെംഗളൂരുവിലെ ജയനഗര്‍ മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി സികെ രാമമൂര്‍ത്തിക്ക് ഒടുവില്‍ 16 വോട്ടിന്റെ നാടകീയ വിജയം. ബെംഗളൂരുവിലെ ജയനഗര്‍ നിയമസഭാ മണ്ഡലത്തിലെ ആര്‍ വി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് വോട്ടെണ്ണല്‍ കേന്ദ്രത്തിലാണ് നാടകീയമായ വോട്ടെണ്ണല്‍ നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റ് പ്രകാരം ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൗമ്യ റെഡ്ഡി 57,781 വോട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി സി കെ രാമമൂര്‍ത്തി 57,797 വോട്ടും നേടി. ആദ്യം വോട്ടെണ്ണിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൗമ്യ റെഡ്ഡിക്കായിരുന്നു 160 വോട്ടിന്റെ ഭൂരിപക്ഷം. ഇവരെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും വോട്ടെണ്ണണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി  തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതോടെ സൗമ്യ റെഡ്ഡിക്ക്  എം.എല്‍.എയായി വിജയിച്ചു കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു വെയ്ക്കുകയായിരുന്നു. പിന്നീട് വീണ്ടും വോട്ടെണ്ണല്‍ ആരംഭിച്ചു.  മൂന്നാമത്തെ തവണ എണ്ണിയപ്പോഴാണ് രാമമൂര്‍ത്തി 16 വോട്ടിന് മുന്നിലെത്തിയത്. നാലാമത്തെയും അഞ്ചാമത്തയും തവണ വോട്ടെണ്ണിയപ്പോഴും രാമമൂര്‍ത്തി 16 വോട്ടിന്റെ ഭൂരിപക്ഷം നിലനിര്‍ത്തി. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാറും ബി.ജെ.പി നേതാക്കളും വോട്ട് വീണ്ടും എണ്ണുന്നതിനായി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തിയിരുന്നു. ഒടുവില്‍ ജയനഗറിലെ വോട്ടെണ്ണല്‍ ഇന്ന് പുലര്‍ച്ചെയാണ് നാടകീയമായി അവസാനിച്ചത്. 

സൗമ്യ റെഡ്ഡിയുടെ ഫലം വളച്ചൊടിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ ആരോപിച്ചു. തുടര്‍ന്ന് ഡി കെ ശിവകുമാറും പ്രവര്‍ത്തകരും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ രാമലിംഗ റെഡ്ഡിയുടെ മകളാണ് സൗമ്യ റെഡ്ഡി. ഇവര്‍ ജയിച്ചിരുന്നെങ്കില്‍ മന്ത്രിയാകാന്‍ വലിയ സാധ്യതയുണ്ടായിരുന്നു.

Post a Comment

0 Comments