ലണ്ടൻ : അവയവ മാറ്റ ശസ്ത്രക്രിയയിലൂടെ 16 വർഷം മുമ്പ് മാറ്റിയ സ്വന്തം ഹൃദയം മ്യൂസിയത്തിൽ കാണാൻ അപൂർവ്വ അവസരം ലഭിച്ചിരിക്കുകയാണ് ഒരു യുവതിക്ക്. ലണ്ടനിലാണ് സംഭവം.
16 വർഷം മുമ്പാണ് ഹാംഷെയറിലെ റിങ്വുഡിലെ ജെന്നിഫർ സട്ടൺ എന്ന യുവതിക്ക് ഹൃദയശസ്ത്രക്രിയ ചെയ്തത്. യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായിരിക്കെ 22-ാം വയസ്സിലാണ് സട്ടണ് ഹൃദയസംബന്ധമായ അസുഖമുണ്ടായത്. കയറ്റം കയറുമ്പോഴുള്ള ബുദ്ധിമുട്ടായിരുന്നു തുടക്കം. തുടർന്നുള്ള പരിശോധനയിൽ ജീവൻ രക്ഷിക്കണമെങ്കിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയല്ലാതെ പോംവഴി ഇല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ശേഷം 2007 ജൂണിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നു. പിന്നാലെ തന്റെ ഹൃദയം റോയൽ കോളജ് ഓഫ് സർജൻസിന് പ്രദർശനത്തിന് വയ്ക്കാൻ സട്ടൺ അനുമതി നല്കി. ഇപ്പോൾ ലണ്ടനിലെ ഹോൾബാണിലെ ഹണ്ടേറിയൻ മ്യൂസിയത്തിലാണീ ഹൃദയം സന്ദർശകർക്കായി പ്രദർശിപ്പിച്ചിട്ടുള്ളത്.
'22 വർഷം ഈ ഹൃദയമായിരുന്നു എന്റെ ജീവൻ നിലനിർത്തിയിരുന്നത്. എന്നാലിപ്പോൾ നേരിട്ട് കണ്ടമ്പോൾ അതിശയവും അവിശ്വസനീയതയും തോന്നുന്നു. പക്ഷേ. ഇത് തന്നെയാണ് യാഥാർത്ഥ്യം'- സട്ടൺ പ്രദർശന നഗരിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇവർക്ക് 13 വയസ്സുള്ളപ്പോൾ അമ്മ ഒരു ഹൃദയ ശസ്ത്രക്രിയയ്ക്കിടെയാണ് ലോകത്തോട് വിടവാങ്ങിയതെന്നും അവർ ഓർത്തു. ഇത്തരമൊരു ശസ്ത്രക്രിയയ്ക്കിടെ അമ്മയ്ക്ക് ജീവൻ നഷ്ടമായതിന്റെ എല്ലാവിധ ഉത്കണ്ഠയുമായി കഴിയവെയാണ് താനും അത്തരമൊരു ശസ്ത്രക്രിയയ്ക്ക് വിധേയമായി ജീവിതത്തിലേക്ക് തിരിച്ചുവന്നത്. തനിക്ക് പുതിയ ഹൃദയം തന്ന ദാതാവിനെയും ഓർക്കുന്നു-അവർ പറഞ്ഞു.
പ്രിയതമൻ ടോം ഇവൻസിനൊപ്പമായിരുന്നു ജെന്നിഫർ സട്ടൺ ഹൃദയം കാണാൻ മ്യൂസിയത്തിൽ എത്തിയത്.
0 Comments