പത്തനംതിട്ട : പതിനേഴുകാരിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. മെഴുവേലി ഉള്ളന്നൂർ മുട്ടയത്തിൽ തെക്കേതിൽ വീട്ടിൽ പ്രമോദാണ് (24) അറസ്റ്റിലായത്. ബാംഗളൂരുവിൽ നിന്നും ഇലവുംതിട്ട പൊലീസ് ആണ് പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. പെൺകുട്ടിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ ഇയാളുടെ മൊബൈൽ നമ്പർ പ്രവർത്തനരഹിതമാണെന്ന് വ്യക്തമായി.
തുടർന്ന്, ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചായി അന്വേഷണം. അതിലൂടെ പുതിയ ഫോൺ നമ്പർ ലഭിച്ചു. യുവാവ് പെൺകുട്ടിക്ക് വാങ്ങികൊടുത്ത പുതിയ ഫോൺ നമ്പരിനെപ്പറ്റിയും സൂചന ലഭിച്ചു. ഈ ഫോണിനെ കേന്ദ്രീകരിച്ചുനടത്തിയ നീക്കത്തിലാണ് ഇരുവരും ബാംഗളുരുവിലുണ്ടെന്ന് വ്യക്തമായത്. അന്വേഷണസംഘം ബംഗളൂരു മജസ്റ്റിക് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും ഇരുവരേയും കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയശേഷം നിരവധി സ്ഥലങ്ങളിൽ കറങ്ങിനടന്നെന്നും വെള്ളിയാഴ്ച ബംഗളൂരുവിലെത്തി ലോഡ്ജിൽ മുറിയെടുത്തു താമസിച്ച് പീഡിപ്പിച്ചതായും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇലവുംതിട്ട പോലീസ് ഇൻസ്പെക്ടർ ഡി ദീപു, എസ്.ഐ കെ. എൻ അനിൽ, സി.പി. ഒമാരായ സന്തോഷ് കുമാർ, രാജേഷ്, അനൂപ്, പ്രശോഭ്, ശരത്, അനിത എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
0 Comments